ഓർമകളിലെ നിറചിരിയായി സുകുമാർ



തൃക്കാക്കര മലയാളിക്ക്‌ നർമമധുരം ആവോളം സമ്മാനിച്ച കാർട്ടൂണിസ്‌റ്റ്‌ സുകുമാറിന്റെ ചിരിതൂകുന്ന മുഖമായിരുന്നു എല്ലാവരുടെയും മനസ്സിൽ. വരകളിലും വാക്കുകളിലും ചിന്തയുടെ തെളിച്ചമുള്ള ചിരി കൊളുത്താൻ സുകുമാറില്ലെന്ന യാഥാർഥ്യം നോവായി. പ്രിയകലാകാരന്‌ ആദരവും സ്‌നേഹവും വിളിച്ചോതുന്നതായി കേരള കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച കാർട്ടൂണിസ്റ്റ് സുകുമാർ അനുസ്മരണം. സുകുമാറിന്റെ കാരിക്കേച്ചർ പ്രതിമയുടെ അനാച്ഛാദനവും അവസാനം രചിച്ച ‘സൗഖ്യം’ പുസ്‌തകത്തിന്റെ പ്രകാശനവുമുണ്ടായി. സുകുമാറിന്റെ കാരിക്കേച്ചർ പ്രതിമ നിർമിച്ചത്‌ ഡാവിഞ്ചി സുരേഷാണ്‌. രണ്ടടി ഉയരമുണ്ട്‌. ഫൈബറിലാണ്‌ നിർമാണം. മന്ത്രി പി രാജീവ്‌ അനുസ്‌മരണസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കെ എസ്‌ പിള്ള പുരസ്കാരം മാതൃഭൂമി കാർട്ടൂണിസ്റ്റ് കെ ഉണ്ണിക്കൃഷ്ണന് മന്ത്രി സമ്മാനിച്ചു. സുകുമാറിന്റെ പ്രതിമ അദ്ദേഹത്തിന്റെ മകൾ സുമംഗല സുനിലിന്‌ കൈമാറി. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള അധ്യക്ഷയായി. ഡോ. കെ എസ് രാധാകൃഷ്ണൻ സുകുമാർ അനുസ്മരണപ്രഭാഷണം നടത്തി. സൗഖ്യം പുസ്തകം കൃഷ്ണ പൂജപ്പുരയ്ക്ക് നൽകി രാധാമണിപിള്ള പ്രകാശിപ്പിച്ചു. കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, കൃഷ്ണ പൂജപ്പുര, പ്രസന്നൻ ആനിക്കാട്, ബി സജീവ്, എ സതീഷ്, നൗഷാദ് പല്ലച്ചി, സുമംഗല സുനിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News