പള്ളിത്തർക്കം ; ഹൈക്കോടതി വിധിക്കെതിരെ 
ചീഫ്‌സെക്രട്ടറി സുപ്രീംകോടതിയിൽ



ന്യൂഡൽഹി ഓർത്തഡോക്‌സ്‌–-യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ സുപ്രീംകോടതിയിൽ. ചീഫ്‌സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ്‌ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്‌. ആഗസ്‌ത്‌ 30ന്‌ കോടതിഅലക്ഷ്യഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾബെഞ്ച്‌ എറണാകുളം, പാലക്കാട്‌ ജില്ലകളിലെ തർക്കത്തിലുള്ള ആറ്‌ പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്ക്‌ ഇടക്കാലനിർദേശം നൽകി. കോടതി അലക്ഷ്യഹർജികളിൽ ഹൈക്കോടതികൾക്കുള്ള  അധികാരങ്ങളുടെ പരിധികൾ മറികടന്നാണ്‌ പള്ളികൾ ഏറ്റെടുക്കണമെന്ന്‌  ഹൈക്കോടതി നിർദേശിച്ചതെന്ന്‌ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കോടതി അലക്ഷ്യഹർജിയിൽ ഇത്തരം നിർദേശം പുറപ്പെടുവിക്കാനാകില്ല. 1971 ലെ കോടതി അലക്ഷ്യ നിയമത്തിൽ കോടതി അലക്ഷ്യക്കേസിൽ ഇടക്കാല നിർദേശം പുറപ്പെടുവിക്കാൻ കഴിയില്ലെന്ന്‌ വ്യവസ്ഥയുണ്ട്‌. ഈ വ്യവസ്ഥ ലംഘിച്ചാണ്‌ ഹൈക്കോടതി ഇടക്കാല നിർദേശം പുറപ്പെടുവിച്ചത്‌.  ഓർത്തഡോക്‌സ്‌ വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട്‌ഹർജികളിൽ പള്ളികൾ ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല. കെ എസ്‌ വർഗീസ്‌ കേസിലെ (2017) സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ  സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരോട്‌ നിർദേശിക്കണമെന്നായിരുന്നു റിട്ട്‌ഹർജികളിലെ പ്രധാന ആവശ്യം. ഈ ഹർജികൾ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിംഗിൾബെഞ്ച്‌, ഓർത്തഡോക്‌സ്‌ വിഭാഗം പുരോഹിതർക്കും മറ്റും പള്ളികളിൽ പ്രവേശിക്കാനും മതപരമായ ചടങ്ങുകൾ നടത്താനും സൗകര്യമൊരുക്കണമെന്ന്‌ നിർദേശിച്ചു. കോടതി നിർദേശം അനുസരിച്ച്‌ പള്ളികളിൽ പ്രവേശിക്കാൻ ഉദ്യോഗസ്ഥർ പലവട്ടം ശ്രമിച്ചെങ്കിലും ശക്തമായ എതിർപ്പ്‌ കാരണം നടന്നില്ല.  കോടതി നിർദേശം നടപ്പാക്കിയില്ലെന്ന്‌ ആരോപിച്ച്‌ ഓർത്തോഡോക്‌സ്‌ വിഭാഗം ഹൈക്കോടതിയിൽ കോടതി അലക്ഷ്യഹർജി നൽകി. ഈ ഹർജിയിലാണ്‌  പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാരോട്‌ ഹൈക്കോടതി സിംഗിൾബെഞ്ച്‌ നിർദേശിച്ചത്‌. ഈ നിർദേശത്തിനെതിരെ ഉദ്യോഗസ്ഥർ അപ്പീൽ നൽകിയെങ്കിലും ഡിവിഷൻബെഞ്ച്‌ സിംഗിൾബെഞ്ച്‌ നടപടി ശരിവക്കുകയായിരുന്നു. ഇതേതുടർന്നാണ്‌, സംസ്ഥാനസർക്കാർ സ്‌റ്റാൻഡിങ് കോൺസൽ സി കെ ശശി മുഖേന ഉദ്യോഗസ്ഥർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്‌. തർക്കത്തിലുള്ള പള്ളികളിൽ പ്രവേശിക്കാൻ ഓർത്തഡോക്‌സ്‌ വിഭാഗത്തിന്‌ സുരക്ഷ നൽകണമെന്ന കോടതി നിർദേശം പാലിച്ചിട്ടുണ്ടെന്നും അതുകൊണ്ട്‌ കോടതി അലക്ഷ്യമുണ്ടായെന്ന വാദത്തിൽ കഴമ്പില്ലെന്നും ഉദ്യോഗസ്ഥർ ഹർജിയിൽ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News