ബസിലെ സ്വര്‍ണക്കവര്‍ച്ച; 
2 പ്രതികളെ കസ്റ്റഡിയിൽ വാങ്ങി



എടപ്പാൾ എടപ്പാളിൽ കെഎസ്‌ആർടിസി ബസിൽ യാത്രക്കാരന്റെ ബാഗിൽനിന്ന് 80 ലക്ഷം രൂപയുടെ സ്വർണം കവർന്ന സംഘത്തെ പൊലീസ് പിടികൂടിയത് മിന്നൽ ഓപറേഷനിലൂടെ. പോക്കറ്റടി സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.  നേരത്തെ പോക്കറ്റടി സംഘത്തിൽപ്പെട്ടയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്‌പി ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്ന്‌ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്‌. സംഭവദിവസം കെഎസ്ആർടിസി ബസിൽനിന്ന് എടപ്പാളിൽ ഇറങ്ങിയവരെക്കുറിച്ച് സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും അന്വേഷണം നടത്തി. ഒരേസമയം രണ്ടിടങ്ങളിൽനിന്നാണ് അന്വേഷകസംഘം മൂന്നുപേരെയും പിടികൂടിയത്. കവർച്ചാസംഘം എടപ്പാളിൽ ഇറങ്ങി മോഷണമുതൽ പങ്കിട്ടെടുത്ത് പലവഴിക്ക്‌ പിരിയുകയായിരുന്നു. മോഷണമുതൽ മുഴുവനായും പൊലീസ് കണ്ടെടുത്തു. പ്രതികളിലൊരാളായ കോഴിക്കോട്  പൊയിൽക്കാവ്  ജയാനന്ദൻ എന്ന ബാബു തനിക്ക് കിട്ടിയ സ്വർണം കോഴിക്കോടുള്ള ജ്വല്ലറിയിൽ 23 ലക്ഷം രൂപക്ക് വിറ്റിരുന്നു. ഈ തുക പ്രതിയിൽനിന്ന് കണ്ടെടുത്തു. എറണാകുളം പള്ളുരുത്തി സ്വദേശികളായ പാറപ്പുറത്ത് നിസാർ, നെല്ലിക്കൽ നൗഫൽ എന്നിവർക്ക് ലഭിച്ച  സ്വർണം വിൽക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്.  പ്രതികളെ ചൊവ്വാഴ്‌ച റിമാൻഡ് ചെയ്തു. നിസാർ, ജയാനന്ദൻ എന്ന ബാബു എന്നിവരെ പൊലീസ് കസ്റ്റഡയിൽ വാങ്ങി. Read on deshabhimani.com

Related News