‘ഗ്രന്ഥശാലയ്ക്കൊപ്പം കളമശേരി' ; മണ്ഡലത്തിലെ ലൈബ്രറികള്‍ ഡിജിറ്റലാക്കും



കളമശേരി കളമശേരി മണ്ഡലത്തിലെ ലൈബ്രറികളുടെ സമഗ്രവികസനത്തിനായി വ്യവസായമന്ത്രി പി രാജീവ് ആവിഷ്കരിച്ച "ഗ്രന്ഥശാലയ്ക്കൊപ്പം കളമശേരി' പദ്ധതിയിൽ സോഫ്റ്റ്‌വെയർ പരിശീലനവും മാസ്റ്റർ പ്ലാൻ അവതരണവും നടത്തി. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികളുടെ പ്രവർത്തനവും ഡിജിറ്റലാക്കും, ബാർ കോഡിങ് സമ്പ്രദായം നടപ്പാക്കും. പൊതു ഇടങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലത്തി​ന്റെ അനിവാര്യതയാണ്. പൊതു ഇടങ്ങളിൽ വായന കൊണ്ടുവരുന്നതിന് ലിറ്റിൽ ഫ്രീ ലൈബ്രറികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലൈബ്രറി നവീകരിക്കുന്നതി​ന്റെ ഭാഗമായി ഒരുകോടി രൂപയുടെ പദ്ധതി നടപ്പാക്കും. തെരഞ്ഞെടുത്ത പത്ത്‌ ലൈബ്രറികൾക്ക് ആദ്യഘട്ട ധനസഹായം നൽകും. മോഡൽ ലൈബ്രറികളിൽ കിഡ്സ് കോർണർ സ്ഥാപിക്കും. മണ്ഡലത്തിലെ പ്രശസ്ത എഴുത്തുകാരായ ഡോ. എം ലീലാവതി, സേതു, പ്രൊഫ. എം തോമസ് മാത്യു, സുഭാഷ്ചന്ദ്രൻ, ഗ്രേസി എന്നിവരുടെ സമ്പൂർണ കൃതികൾ ഉൾപ്പെടുത്തി ബന്ധപ്പെട്ട ലൈബ്രറികളിൽ പുസ്തക കോർണർ സ്ഥാപിക്കും. ലൈബ്രറികളെ ബന്ധപ്പെടുത്തി ഏകീകൃത അംഗത്വം നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ മോഹനചന്ദ്രൻ അധ്യക്ഷനായി. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയി​ന്റ് സെക്രട്ടറി ടി വി ഷൈവിൻ മാസ്റ്റർപ്ലാൻ അവതരിപ്പിച്ചു. ദീപക് പുരുഷോത്തമൻ ക്ലാസെടുത്തു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷ്‌റി, പ്രൊഫ. എം തോമസ് മാത്യു, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം മുഹമ്മദ് കമാൽ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, യൂണിവേഴ്‌സിറ്റി ലൈബ്രേറിയൻ ഡോ. സി വീരാൻകുട്ടി, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡ​ന്റ് എ കെ ദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News