പെരിന്തൽമണ്ണ സ്വർണക്കവർച്ച : 
പ്രതികൾ അറസ്റ്റിൽ



തൃശൂർ പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച്‌ വീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്ന കേസിലെ നാല്‌ പ്രതികളെ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി അരങ്ങൻമൂല സ്വദേശി മണി എന്ന സജിത്കുമാർ (36), പാട്യം പത്തായംകുന്ന് സ്വദേശി നിജിൽ രാജ് (35), പത്തായംകുന്ന് സ്വദേശി പ്രബിൻ (29), കോക്കൂർ എളവള്ളി സ്വദേശി നിഖിൽ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ക്വട്ടേഷൻ സംഘമാണെന്നാണ്‌ പൊലീസ്‌ നൽകുന്ന സൂചന. കവർന്ന സ്വർണം കണ്ടുകിട്ടിയിട്ടില്ല. അഞ്ചുപേർ കൂടി സംഘത്തിലുണ്ടെന്നും സ്വർണം ഇവർക്ക്‌ കൈമാറിയതായും പൊലീസ്‌ സംശയിക്കുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്‌തു വരികയാണ്‌. കവർച്ച നടത്തിയവർ തൃശൂരിലേക്ക്‌ കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ ആണ്‌ പരിശോധനക്ക്‌ നിർദേശിച്ചത്‌. കൃത്യം നടത്താൻ ഉപയോഗിച്ച വാഹനത്തെക്കുറിച്ച്‌  പെരിന്തൽമണ്ണയിൽ ക്യാമറ യൂണിറ്റിൽ നിന്ന്‌ ലഭിച്ച പ്രാഥമിക വിവരങ്ങൾ സഹായകരമായി. കിഴക്കേക്കോട്ടയിൽ കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയി. പിന്തുടർന്ന്‌ സെവൻത്ത് ഡേ സ്കൂളിന് മുൻവശത്തു വച്ച് വാഹനം തടഞ്ഞാണ്‌ പ്രതികളെ പിടികൂടിയത്‌. വ്യാഴം രാത്രി 8.45-ന് പെരിന്തൽമണ്ണ–-പട്ടാമ്പി റോഡിൽ അലങ്കാർ തിയറ്ററിന് സമീപമായിരുന്നു കവർച്ച. പെരിന്തൽമണ്ണ–-ഊട്ടി റോഡിൽ കെഎം ജ്വല്ലറി നടത്തുന്ന യൂസഫ്, അനുജൻ ഷാനവാസ് എന്നിവരെയാണ്‌ ആക്രമിച്ചത്‌. കാർ ഇടിച്ചതോടെ താഴെവീണ യൂസഫിന്റെ മുഖത്തേക്ക്‌ സ്‌പ്രേ അടിച്ച ശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെർപ്പുളശേരി ഭാഗത്തേക്ക്‌ അക്രമികൾ പോയി.  ഓടിട്ട കെട്ടിടത്തിലാണ്‌ ജ്വല്ലറി. സുരക്ഷയില്ലാത്തതിനാൽ ആഭരണങ്ങൾ  രാത്രി ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വർണത്തിന് രണ്ടര കോടി രൂപയിലധികം വിലവരും. Read on deshabhimani.com

Related News