തീർഥാടകത്തിരക്കിലേക്ക്‌ ശബരിമല ; ആകെ തീർഥാടകരുടെ എണ്ണം 5 ലക്ഷം കടന്നു



ശബരിമല മണ്ഡലകാലം ആരംഭിച്ച്‌ ഒരാഴ്‌ച പിന്നിടുമ്പോൾ ശബരിമലയിലേക്ക്  തീർഥാടക പ്രവാഹം. വ്യാഴാഴ്‌ച മുതൽ തീർഥാടകരുടെ എണ്ണം വൻതോതിൽ വർധിച്ചിരിക്കുകയാണ്‌. മണ്ഡലപൂജയ്ക്കായി നടതുറന്ന ശേഷമുള്ള  വലിയ തിരക്കിനാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. 77,026 പേരാണ് വ്യാഴാഴ്ച ദർശനം നടത്തിയത്. ഇതിൽ 9,254 പേർ സ്പോട്ട് ബുക്കിങ്‌ മുഖേനയാണ് എത്തിയത്. വെള്ളിയാഴ്ചയും സമാനമായ തിരക്കായിരുന്നു. വൈകിട്ട് ആറ്‌ വരെ ലഭിച്ച കണക്ക് അനുസരിച്ച് 68,358 പേർ ദർശനത്തിനെത്തി. ഇതിൽ 9,417 പേർ സ്‌പോട്ട്‌ ബുക്കിങ്ങിലൂടെയാണ്‌ എത്തിയത്‌.   നട തുറന്ന ദിവസം മുതൽ 7 ദിനങ്ങളിലായി 4,51,097 ലക്ഷം തീർഥാടകർ ശബരിമല ദർശനം നടത്തി. വെള്ളിയാഴ്ചത്തെ ഒഴിച്ചുള്ള കണക്കാണിത്. 15ന് 30,657, 16ന് 72,656 , 17ന് 67,272 , 18ന് 75,959, 19ന് 64,484 , 20ന് 63,043 തീർഥാടകരും ദർശനം നടത്തി. വെള്ളിയാഴ്ച വൈകിട്ട് ആറ്‌ വരെ 68,358 ദർശനത്തിനായി എത്തി.  മണ്ഡല മഹോത്സവത്തിന് നട തുറന്ന ശേഷം കഴിഞ്ഞ രണ്ട് ദിനങ്ങളിൽ ഫ്ലൈ ഓവറും  നടപ്പന്തലും തീർഥാടകരാൽ നിറഞ്ഞു.  ഉച്ചയ്ക്ക് നട അടയ്ക്കുമ്പോഴും നടപ്പന്തലിൽ തീർഥാടകരുടെ നീണ്ട നിരയായിരുന്നു. അതേ സമയം കൃത്യമായ ഇടപെടലുകളിലൂടെ തീർഥാടകർക്ക്‌ പൊലീസ്  ദർശനം സുഗമമാക്കി. തിരക്ക് വർധിച്ചിട്ടും സംതൃപ്തിയോടെയാണ് ഏവരും മലയിറങ്ങുന്നത്. ദേവസ്വം ബോർഡും, സംസ്ഥാന സർക്കാരും ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ പൂർണ്ണ തൃപ്‌തരാണ് തീർഥാടകർ. നിലവിൽ അടുത്ത മാസം ഏഴ്‌ വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ്‌ പൂർണമായതിനാൽ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കാനാണ്‌ സാധ്യത. അരവണ, അപ്പം 
നിർമാണത്തിലെ ചേരുവകളുടെ അളവ്‌ കുറച്ചിട്ടില്ല നിലയ്ക്കൽ ഉൾപ്പടെയുള്ള മൂന്ന് ക്ഷേത്രങ്ങളിലെ അരവണ, അപ്പം നിർമാണത്തിലെ ചേരുവകളുടെ അളവ് കുറച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോർഡ്. കഴിഞ്ഞ വർഷം വരെ നിലയ്ക്കൽ, പന്തളം വലിയകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലെ അരവണ, അപ്പം നിർമാണവും വിതരണവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ നേരിട്ടായിരുന്നു. അരവണ, അപ്പം എന്നിവയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ഉയർന്നതിനെ തുടർന്ന്‌ ഇത്തവണ മുതൽ നിർമാണം ബോർഡ് ഏറ്റെടുത്തു.  ശബരിമലയിൽ 38 കിലോ അരിക്ക് 200 കിലോ ശർക്കരയാണ് ഉപയോഗിക്കുന്നത്. നിലയ്ക്കലുൾപ്പടെയുള്ള മൂന്ന് ക്ഷേത്രങ്ങളിൽ 40 കിലോ അരിക്ക് 200 കിലോ ശർക്കര  ചേർക്കുന്നു. ശബരിമലയിൽ അപ്പത്തിന് 70 കിലോ അരിപ്പൊടിക്ക് 30 കിലോ ശർക്കര ചേർക്കുമ്പോൾ മറ്റ്‌ ക്ഷത്രങ്ങളിൽ 50 കിലോ അരിപ്പൊടിക്ക് 20 കിലോ ശർക്കര ഉപയോഗിക്കുന്നു. ചേരുവയ്‌ക്ക്‌ അനുസരിച്ചുള്ള വിലയാണ്‌ ഓരോ സ്ഥലങ്ങളിലും ഈടാക്കുന്നത്‌. ശബരിമലയിൽ 250 ഗ്രാം അരവണയ്ക്ക് 100 രൂപ ഈടാക്കുമ്പോൾ മറ്റ്‌ മൂന്ന് ക്ഷേത്രങ്ങളിൽ അരവണയ്ക്ക് 65 രൂപയാണ് വില. ഈ വസ്‌തുത മറച്ചുവച്ചാണ്‌ അടിസ്ഥാന രഹിതമായ പ്രചാരണമെന്ന്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌ പറഞ്ഞു. ആപത്‌ഘട്ടത്തിൽ ‘ആപ്ത മിത്ര' അടിയന്തര സാഹചര്യങ്ങളിലും ദുരന്തമുഖത്തും അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ശബരിമലയിൽ ആപ്ത മിത്ര സിവിൽ ഡിഫെൻസ് വളന്റിയേഴ്‌സ് സേന സജ്ജം. സന്നിധാനത്തും പമ്പയിലുമായി 15 വീതം വളന്റിയർമാരെയാണ് വിന്യസിച്ചിരിക്കുന്നത്. റെസ്‌ക്യൂ ഓപ്പറേഷൻ, സ്‌ട്രെച്ചർ ഡ്യൂട്ടി എന്നിവയിൽ പരിശീലനം ലഭിച്ചവരാണ് ഇവർ. പുൽമേട്ടിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിലും മരക്കൂട്ടത്തിനു താഴെ 12–-ാം വളവിൽ അപകടാവസ്ഥയിൽ നിന്ന മരം മുറിച്ചു നീക്കുന്നതിലും മികച്ച സേവനമാണ് ആപ്ത മിത്ര നൽകിയത്. മല ചവിട്ടുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കുന്നതിനും ഇവർ സജ്ജരാണ്. ഇവർക്ക് ആവശ്യമായ റെസ്ക്യൂ കിറ്റ്, യൂണിഫോം, ഐഡി കാർഡ് എന്നിവ അഗ്നിരക്ഷാ സേന നൽകിയിട്ടുണ്ട്. അടിയന്തര 
വൈദ്യസഹായത്തിന്
 വിളിക്കാം 
ഇഎംസിയിലേക്ക് തീർഥാടകർക്ക്‌ ഏതെങ്കിലും തരത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിന് 04735 203232  എന്ന  എമർജൻസി മെഡിക്കൽ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാം. സന്നിധാനത്തേക്ക് എത്തുന്നവർക്കും മടങ്ങിപോകുന്നവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.  മല കയറുമ്പോൾ ആരോഗ്യവകുപ്പ്  നൽകുന്ന നിർദ്ദേശങ്ങൾ പരമാവധി പാലിക്കണം. സാവധാനം മല കയറണം. ഇടയ്ക്ക് വിശ്രമിക്കണം. മല കയറുമ്പോൾ ശ്വാസ തടസ്സം, നെഞ്ചുവേദന, തളർച്ച എന്നിവ അനുഭവപ്പെട്ടാൽ ഉടൻ കയറ്റം നിർത്തി വൈദ്യസഹായം തേടണം. മുറികൾ 
ഓൺലൈനായും 
ബുക്ക് ചെയ്യാം സന്നിധാനത്ത് തീർഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും മുറികൾ ബുക്ക് ചെയ്യാം. ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികളാണുള്ളത്. ഓൺലൈനായി onlinetdb.com എന്ന വെബ്സൈറ്റിലൂടെ താമസിക്കാൻ ഉദ്ദേശിക്കുന്നതിന് 15 ദിവസം മുമ്പ് വരെയുള്ള ദിവസങ്ങളിൽ മുറി ബുക്ക് ചെയ്യാനാകും. സന്നിധാനത്തിന് സമീപമുള്ള അക്കോമഡേഷൻ കൗണ്ടറുകൾ വഴി ആധാർ കാർഡ് കാണിച്ച് അതത് ദിവസത്തേക്ക് നേരിട്ടും ബുക്ക് ചെയ്യാം. 12 മണിക്കൂർ, 16 മണിക്കൂർ സമയത്തേക്കാണ് മുറി ബുക്ക് ചെയ്യാനാവുക. 250 രൂപ മുതൽ 1,600 രൂപ വരെയാണ് 12 മണിക്കൂറിനുള്ള മുറികളുടെ നിരക്ക്. ശബരി, പ്രണവം, സഹ്യാദ്രി, കൈലാസ്, മരാമത്ത് ഓഫീസ് കോംപ്ലക്‌സ്‌, പാലാഴി, സോപാനം, ശ്രീ മണികണ്ഠം, ചിന്മുദ്ര, ശിവശക്തി, തേജസ്വിനി, ശ്രീമാത എന്നിവയാണ് സന്നിധാനത്തെ ഗസ്റ്റ് ഹൗസുകൾ.   Read on deshabhimani.com

Related News