എ കെ ജി കൊണ്ടുവന്ന വിലാസലതിക ബിഎ

ഓംചേരി എൻ എൻ പിള്ളയും 
ഭാര്യ ലീല ഓംചേരിയും


ഞാൻ ഡൽഹിയിൽ വന്ന കാലത്ത്‌ മലയാളികളുടെ ഇടയിൽ സംഘടിതമായ സാമൂഹ്യപ്രവർത്തനങ്ങൾ ഉണ്ടായിരുന്നില്ല. എണ്ണം കുറവായിരുന്നതുകൊണ്ട്‌ അധികം സംഘടനകൾ ഉണ്ടാകേണ്ട ആവശ്യവുമുണ്ടായില്ല. ഉണ്ടായിരുന്ന ഏക സംഘടന 1939ൽ രൂപംകൊണ്ട കേരള ക്ലബ്ബാണ്‌. അത്‌ സമൂഹത്തിലെ ഉന്നതരുടെ കൂട്ടായ്‌മയായാണ്‌ തുടങ്ങിയതും. പിന്നീടാണ്‌ ഇവിടത്തെ മലയാളി തൊഴിലാളിവർഗം, ഡൽഹിയിൽ പല രംഗങ്ങളിലും തൊഴിലാളികളായി ജീവിച്ച മലയാളികൾ, പ്രത്യേകിച്ച് കമ്യൂണിസ്‌റ്റ്‌ എംപിമാരുടെ വീടുകളിൽ താമസിച്ച്‌ വീട്ടിലും സോവിയറ്റ്‌ ലാൻഡിലും ചില പ്രിന്റിങ്‌ പ്രസുകളിലും ജോലി ചെയ്‌തിരുന്നവർ കൂട്ടായ്‌മയുണ്ടാക്കിയത്‌. അന്ന്‌ പ്രതിപക്ഷനേതാവായിരുന്ന എ കെ ജിയുടെ സ്വാധീനത്തിൽപ്പെട്ടവരായിരുന്നു മലയാളി തൊഴിലാളി സംഘടന എന്ന കൂട്ടായ്‌മയുണ്ടാക്കി പ്രവർത്തിക്കാൻ തുടങ്ങിയത്‌. ആ സംഘടനയ്‌ക്ക്‌ എ കെ ജിയുടെ അനുഗ്രഹവും പ്രോത്സാഹനവുമുണ്ടായത്‌ സംഘമാകാനും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടാകാനും കാരണമായിത്തീർന്നു. അവരാണ്‌ പിന്നീട്‌ ഡൽഹി മലയാളി അസോസിയേഷനായി രൂപാന്തരം പ്രാപിച്ചത്‌. എ കെ ജിയുടെ ആഭിമുഖ്യത്തിലാണ്‌ ആ പരിവർത്തനം സംഭവിച്ചതും. ആ കാലഘട്ടത്തിലാണ്‌ ഞാനും ഓൾ ഇന്ത്യ റേഡിയോയുടെ മലയാളം യൂണിറ്റിൽ അന്നുണ്ടായിരുന്ന മൂന്നുനാലുപേരും ഈ പ്രവർത്തനത്തിൽ ഏർപ്പെടുന്നത്‌. അവരെല്ലാം എ കെ ജിയുമായി ബന്ധമുള്ളവരും. സഹയാത്രികർ എന്നു പറയുന്ന കമ്യൂണിസ്‌റ്റ്‌ അനുഭാവികൾ. യാത്രികരെയും സഹയാത്രികരെയും ഒരുപോലെ സർക്കാർ നോട്ടപ്പുള്ളികളാക്കിയ കാലമാണ്‌ അത്‌. ഗവൺമെന്റ്‌ ഒരു മക്കാർത്തിസം നടപ്പാക്കിയ കാലഘട്ടം. സർക്കാർ സേവനത്തിനു വരുമ്പോൾ പൊലീസ്‌ വെരിഫിക്കേഷനുണ്ട്‌. ഇയാൾ അപകടക്കാരനല്ല, അതായത്‌ കമ്യൂണിസ്‌റ്റ്‌ അല്ലെന്ന്‌ വെരിഫിക്കേഷനിൽ വ്യക്തമാക്കണം. അന്ന്‌ വഴിയിൽ ആരെയെങ്കിലും മർദിക്കുന്നത്‌ കണ്ട്‌ തടഞ്ഞാൽ അയാൾ കമ്യൂണിസ്‌റ്റാണെന്ന്‌ പറയും. അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ചെന്നാൽ അയാൾ കമ്യൂണിസ്‌റ്റാണെന്ന്‌ പറയും. മാനവികമൂല്യങ്ങളോടെ പ്രവർത്തിക്കുന്നവരെല്ലാം കമ്യൂണിസ്‌റ്റുകാരായി മുദ്രകുത്തപ്പെടുന്ന കാലം. അതുകൊണ്ട്‌ നിസ്വാർഥമായി പരോപകാരം ചെയ്യുന്നവർക്കുപോലും കമ്യൂണിസ്‌റ്റ്‌ മുദ്രകുത്തപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു. ഞാൻ ഡൽഹിയിൽ വന്നത്‌ ആ കാലഘട്ടത്തിലാണ്‌. അതുകൊണ്ട്‌ കമ്യൂണിസ്‌റ്റ്‌ അനുഭാവിയായി അറിയപ്പെടാൻ ഭയപ്പെട്ടിരുന്നു...അമ്പതുകളിൽ മുഴുവൻ നീണ്ടുനിന്ന അരക്ഷിതാവസ്ഥയായിരുന്നു അത്‌. എ കെ ജി ആവശ്യപ്പെട്ടതനുസരിച്ച്‌ 1952ൽ ഞാനെഴുതി മലയാളി അസോസിയേഷൻ അവതരിപ്പിച്ചതാണ്‌, ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ നാടകം. അനീതിക്കെതിരെ സമരം ചെയ്യുന്ന ക്രിസ്‌തുമത പുരോഹിതൻ കഥാനായകനായുള്ള നാടകം, വിലാസലതിക ബിഎ (ഓണേഴ്‌സ്‌) എന്ന പേരിലാണ്‌ പ്രസിദ്ധപ്പെടുത്തിയത്‌, കമ്യൂണിസ്‌റ്റായി മുദ്രകുത്തപ്പെടുമോ എന്ന്‌ ഭയന്ന്‌...ആ നാടകത്തിൽ അഭിനയിച്ചവർ അന്നത്തെ കമ്യൂണിസ്‌റ്റ്‌ എംപിമാരുമായിരുന്നു. എല്ലാംകൊണ്ടും അതിന്‌ കമ്യൂണിസ്‌റ്റ്‌ മുദ്രചാർത്തപ്പെട്ടു. (ആത്മകഥയിൽനിന്ന്‌) Read on deshabhimani.com

Related News