മെഗാ കേബിള്‍ ഫെസ്റ്റില്‍ കെ ഫോണ്‍ സ്റ്റാൾ
കൊച്ചി ക്യുആർ കോഡ് സ്കാൻ ചെയ്ത് കെ ഫോൺ കണക്ഷന് അപേക്ഷ നൽകാനുള്ള സൗകര്യമൊരുക്കി കേബിൾ മെഗാ ഫെസ്റ്റിവൽ. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടുദിവസമായി തുടരുന്ന ഫെസ്റ്റിവലിൽ സ്റ്റാൾ നമ്പർ എ വണ്ണിലാണ് കെ ഫോൺ സേവനങ്ങൾ നൽകുന്നത്. ഫെസ്റ്റിവൽ ശനിയാഴ്ച സമാപിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്ത് കെ ഫോൺ കണക്ഷനുള്ള അപേക്ഷ സമർപ്പിച്ചാലുടൻ കസ്റ്റമർ സപ്പോർട്ടിൽനിന്ന് ഉപഭോക്താവിന് കോൾ ലഭിക്കും. പരമാവധി ഏഴു പ്രവൃത്തിദിവസത്തിനുള്ളിൽത്തന്നെ കണക്ഷൻ നൽകും. കെ ഫോണുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും പരാതി അറിയിക്കാനും സ്റ്റാളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ലാസ്റ്റ്മൈൽ നെറ്റ്വർക് സേവനദാതാക്കൾക്കുള്ള സേവനങ്ങളും സ്റ്റാളിൽ ലഭ്യമാണ്. കൂടുതൽ ഓപ്പറേറ്റർമാർക്ക് കെ ഫോണിന്റെ ഭാഗമാകാനാകുംവിധം സ്പോട്ട് രജിസ്ട്രേഷൻ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്താകെ മൂവായിരത്തിലേറെ ഓപ്പറേറ്റർമാരാണ് ഇതുവരെ കെ ഫോൺ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബ്രോഡ്ബാൻഡ് ബിസിനസ് ലൈസൻസുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. ആവശ്യമായ രേഖകൾ സമർപ്പിക്കുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ കെ ഫോണിന്റെ ഭാഗമാകാനാകും. ആകർഷകമായ ഇൻസെന്റീവ്, പ്രത്യേക പാർട്ണർ സപ്പോർട്ട് ലൈൻ, 24 മണിക്കൂറും സാങ്കേതികപിന്തുണ, 14 ജില്ലകളിലും ഓഫീസ് എന്നിങ്ങനെ ആനുകൂല്യങ്ങളാണ് കെ ഫോൺ ഓപ്പറേറ്റർമാർക്ക് വാഗ്ദാനം ചെയ്യുന്നത്. Read on deshabhimani.com