സൗഹൃദവും കരുതലുമാണ്‌ ഈ പുരസ്‌കാരം



ചാരുംമൂട് സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഓഫീസിന്‌ ലഭിച്ച തുക ഭിന്നശേഷിക്കാരന്‌ നൽകി. മാവേലിക്കര ജോയിന്റ്‌ ആർടി ഓഫീസാണ്‌ പുരസ്‌കാരത്തുകയായ 25,000 രൂപ നൂറനാട്‌ സ്വദേശി സേതുനാഥിന്‌ സമ്മാനിച്ചത്‌. മൂന്നിന്‌ തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദുവാണ് മാവേലിക്കര ജോയിന്റ്‌ ആർടിഒ ഓഫീസിന് പുരസ്‌കാരം നൽകിയത്‌. ഇത്‌ ഭിന്നശേഷിസൗഹൃദ പ്രവർത്തനത്തിന് നീക്കിവയ്‌ക്കണമെന്ന് ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്‌മ തീരുമാനിച്ചിരുന്നു. വിവരം ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെ ജോയിന്റ്‌ ആർടിഒ മനോജ്‌കുമാർ അറിയിക്കുകയായിരുന്നു. അർഹനായ ഒരാളെ കണ്ടെത്തി തുക സമ്മാനിക്കാൻ മന്ത്രി നിർദേശിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ചാരുംമൂട് ജങ്‌ഷനിലും സമീപ പ്രദേശത്തും ലോട്ടറി വ്യാപാരം നടത്തുന്ന ഭിന്നശേഷിക്കാരനായ സേതുനാഥിനെ കണ്ടെത്തിയത്. ജന്മനാ അരയ്‌ക്കുതാഴെ ശരീരഭാഗങ്ങളില്ലാത്തയാളാണ് സേതുനാഥ്. ലോട്ടറി വ്യാപാരത്തിലൂടെ കിട്ടുന്ന തുച്ഛമായ തുകയാണ്‌ ആശ്രയം. ഇത്‌ അറിഞ്ഞപ്പോൾ മന്ത്രിതന്നെ നേരിട്ട് എത്തി തുക കൈമാറാമെന്ന് അറിയിക്കുകയായിരുന്നു. ഞായർ വൈകിട്ട്‌ ചാരുംമൂട്‌ ജങ്‌ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി കെ ബി ഗണേഷ്‌കുമാർ തുക കൈമാറി. എം എസ്‌ അരുൺകുമാർ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ ആർ രാജീവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മന്ത്രിയെ സ്വീകരിച്ചു.   Read on deshabhimani.com

Related News