ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫ് സഖ്യകക്ഷികൾ : എം വി ഗോവിന്ദൻ
തിരുവനന്തപുരം ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിന്റെ സഖ്യകക്ഷികളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇരുകൂട്ടരുമായുള്ള ബന്ധം കോൺഗ്രസിലും മുസ്ലിം ലീഗിലും ദൂരവ്യാപക രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കും. വർഗീയതക്കെതിരെ നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നാണ് ലീഗ് അവകാശപ്പെടുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വോട്ട് വർധിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആണ്. ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ശക്തമായി എതിർക്കുന്നത് സിപിഐ എമ്മാണ്. അത് തുടരും. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ന്യൂനപക്ഷ വർഗീയവാദികളും ആർഎസ്എസ് ഭൂരിപക്ഷ വർഗീയവാദികളുമാണ്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞത് കൃത്യമായ കാര്യമാണ്. ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് വിജയിച്ചതെന്നാണ് സിപിഐ എം നിലപാട്. ന്യൂനപക്ഷം എന്ന് പറഞ്ഞാൽ വർഗീയവാദികൾ അല്ല. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷവും മതനിരപേക്ഷ സമൂഹത്തിനായി നിലകൊള്ളുന്നവരാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അതിനെതിരാണ്. അവരെ തള്ളിപ്പറഞ്ഞില്ലെങ്കിൽ ലീഗിന് വലിയ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം കോവളത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. Read on deshabhimani.com