സ്വകാര്യ, സ്വാശ്രയ ബിഎസ്‌സി നഴ്‌സിങ്‌ ; സീറ്റ്‌ മെട്രിക്സ്‌ പ്രകാരമല്ലാത്ത പ്രവേശനത്തിന്‌ അംഗീകാരമില്ല



തിരുവനന്തപുരം സംസ്ഥാനത്തെ സ്വകാര്യ, സ്വാശ്രയ കോളേജുകളിലെ ബിഎസ്‌സി നഴ്‌സിങ്‌ സീറ്റുകളിൽ പ്രവേശനത്തിനുള്ള പൊതു മാർഗനിർദേശം ഇറക്കി ആരോഗ്യവകുപ്പ്‌. മെറിറ്റ്‌ സീറ്റിലടക്കം സർക്കാർ അംഗീകാരമില്ലാതെ പ്രവേശനം നടത്തിയ കൊട്ടാരക്കര വാളകം മേഴ്‌സി നഴ്‌സിങ്‌ കോളേജിലെ 30 സീറ്റ്‌ നേരത്തെ ആരോഗ്യവകുപ്പ്‌ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ നടപടി കടുപ്പിച്ച്‌ ഉത്തരവിറക്കിയത്‌. മാനേജ്മെന്റ് ക്വാട്ട, സർക്കാർ മെറിറ്റ് ക്വാട്ട എന്നിങ്ങനെ രണ്ടായി തിരിച്ച് "സീറ്റ് മെട്രിക്സ്' എന്ന പേരിൽ ഉത്തരവിറക്കിയശേഷമേ മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനം നടത്താവൂ എന്നതാണ്‌ പ്രധാന നിർദേശം.  മാനേജ്മെന്റുകൾക്ക് അഡ്മിഷൻ സൂപ്പർവൈസറി ആൻഡ്‌ ഫീ റഗുലേറ്ററി കമ്മിറ്റിയാണ്‌ ഇതിന്‌ അനുമതി നൽകേണ്ടത്‌. കേരള ആരോഗ്യ സർവകലാശാലയും കേരള നഴ്സസ് ആൻഡ്‌ മിഡ്‌വൈവ്സ് കൗൺസിലും ഓരോ അധ്യയന വർഷവും നഴ്സിങ്‌ കോളേജുകൾക്ക്‌ നൽകുന്ന പ്രൊവിഷണൽ അഫിലിയേഷൻ ഉത്തരവിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തണം. 2024-–-25 അധ്യയന വർഷം സീറ്റ് മെട്രിക്സ് ഇറക്കുംമുമ്പ്‌ ഏതെങ്കിലും കോളേജ്‌ പ്രവേശനം നടത്തുകയോ അനുവദനീയമായതിനേക്കാൾ കൂടുതൽ സീറ്റിൽ പ്രവേശനം നടത്തുകയോ മെറിറ്റ് സീറ്റുകളിൽ  പ്രവേശനം നടത്തുകയോ ചെയ്താൽ അതിന്‌ അംഗീകാരം നൽകരുതെന്നും നിർദേശമുണ്ട്‌. സ്വകാര്യ, സ്വാശ്രയ കോളേജുകളിൽ മെറിറ്റ് സീറ്റിൽ എൽബിഎസ് വഴി അലോട്ട്മെന്റിൽ പ്രവേശനം അവസാനിപ്പിക്കുന്ന തീയതി നിശ്ചയിക്കുന്നത്‌ സർക്കാരാണ്‌. ഇന്ത്യൻ നഴ്സിങ്‌ കൗൺസിൽ അവസാന തീയതി നീട്ടിയാലും ഇത്‌ നടപ്പാക്കണോ എന്ന്‌ സർക്കാരിന്‌ തീരുമാനിക്കാം. മെറിറ്റ് സീറ്റിൽ മാനേജ്മെന്റ്‌ പ്രവേശനം നൽകിയാൽ ആരോഗ്യ സർവകലാശാലയും അഡ്മിഷൻ സൂപ്പർവൈസറി ആൻഡ്‌ ഫീ റഗുലേറ്ററി കമ്മിറ്റിയും അംഗീകാരം നൽകരുതെന്നും വകുപ്പ്‌ വ്യക്തമാക്കുന്നു.   Read on deshabhimani.com

Related News