അഴിമതി, സംഘർഷം; കോഫീഹൗസ്‌ സംഘം പൊതുയോഗം റദ്ദാക്കി



തൃശൂർ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ കോഫീബോഡ്‌ വർക്കേഴ്‌സ്‌ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ജനറൽബോഡി യോഗം നടത്താൻ രേഖകളും ഉദ്യോഗസ്ഥരുമില്ലാതെ എത്തിയ ഭരണസമിതിക്കാരും ജീവനക്കാരും തമ്മിൽ സംഘർഷം. യോഗം കൃത്യമായി അറിയിക്കാത്തതും  ഭരണസമിതിയുടെ അഴിമതിയും ജീവനക്കാർ ചോദ്യം ചെയ്‌തതോടെയാണ്‌ പൊതുയോഗം സംഘർഷത്തിൽ കലാശിച്ചത്‌. പൊലീസ്‌ എത്തി സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഭരണസമിതിക്കാർ പൊതുയോഗം റദ്ദാക്കി മടങ്ങി. ബുധനാഴ്‌ച തൃശൂർ തെക്കേമഠം ശ്രീശങ്കരഹാളിലായിരുന്നു പൊതുയോഗം. നാലുവർഷംമുമ്പ്‌  2018ലാണ്‌ ഒടുവിൽ  ജനറൽബോഡി ചേർന്നത്‌. ആവശ്യമായ രേഖകളോ ജീവനക്കാർ നിരന്തരം ആവശ്യപ്പെടുന്ന വിഷയങ്ങളോ അജൻഡയിൽ ഉൾപ്പെടുത്താതെ കുറച്ചുപേരെമാത്രം അറിയിച്ച്‌ ജനറൽ ബോഡി ചേരാനുള്ള ശ്രമമാണ്‌ സംഘർഷത്തിൽ അവസാനിച്ചത്‌.  യോഗം നടത്താനെത്തിയ വ്യവസായവകുപ്പ്‌ ഡെപ്യൂട്ടി രജിസ്‌ട്രാർ മായാദേവി സംഘർഷത്തെത്തുടർന്ന്‌ ഹാളിൽ കയറാനാകാതെ തിരിച്ചുപോയി.  തൃശൂർമുതൽ തിരുവനന്തപുരംവരെ 54 ശാഖകളിലായി 2200 ജീവനക്കാരാണ്‌ നിലവിൽ കോഫീഹൗസുകളിലുള്ളത്‌. കോവിഡ്‌ വ്യാപനത്തെത്തുടർന്ന്‌ ജീവനക്കാരുടെ ശമ്പളം കുത്തനെ വെട്ടിക്കുറച്ചിരുന്നു.  ഇതേത്തുടർന്ന്‌ 600ഓളം ജീവനക്കാർ കൂലപ്പണിയെടുത്താണ്‌ കഴിയുന്നത്‌. സംഘം നിലവിൽ 28 കോടി രൂപ നഷ്ടത്തിലാണ്‌ . കഴിഞ്ഞ രണ്ടുവർഷം ജീവനക്കാരുടെ മൊത്തം ശമ്പളം 20 കോടി  വെട്ടിച്ചുരുക്കിയിട്ടും, ഭരണസമിതിയുടെ അഴിമതിമൂലം വൻ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി.  ജീവനക്കാർ അറിയാതെ അവരുടെ 2.39 കോടി രൂപയുടെ ഇൻഷുറൻസ്‌ തുക പിൻവലിക്കൽ, സൂപ്പർമാർക്കറ്റ്‌ തുടങ്ങാൻ പണം പിൻവലിച്ചശേഷം തുടങ്ങാതിരിക്കൽ, ആലുവയിലെ കെട്ടിടത്തിന്റെ കേസ്‌ രഹസ്യമായി ഒത്തുതീർപ്പാക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന്‌ ഭൂരിപക്ഷം ജീവനക്കാരും ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ്‌ പി ആർ കൃഷ്‌ണപ്രസാദും സെക്രട്ടറി സി ഡി സുരേഷും അടങ്ങിയ ഭരണസമിതി തയ്യാറാകാത്തതാണ്‌ തർക്കത്തിലേക്ക്‌ നയിച്ചത്‌. Read on deshabhimani.com

Related News