കാ‍ർഷിക മൂല്യവര്‍ധിത മേഖലയിൽ നബാര്‍ഡ് സഹായം വേണം: മുഖ്യമന്ത്രി



തിരുവനന്തപുരം കാർഷിക മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനും വിതരണത്തിനുമുള്ള പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ബാങ്ക്‌ ചെയർമാൻ ഡോ. ജി ആർ ചിന്തലയുമായി തന്റെ ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്‌ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്‌. നബാർഡ്‌ കാർഷിക അടിസ്ഥാന സൗകര്യ നിധിയിൽ കേരളത്തിന്റെ വിഹിതം ഗണ്യമായി വർധിപ്പിക്കാൻ ഇടപെടുമെന്ന് ചെയർമാൻ അറിയിച്ചു. സർക്കാർ വിഭാവനം ചെയ്യുന്ന മൂല്യവർധിത കൃഷിമിഷന്റെ പദ്ധതികൾക്ക് ഇത് സഹായകമാകും. മിഷൻ നടപടികൾ ത്വരിതപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രിയും അറിയിച്ചു. നൂതന സാങ്കേതിക വിദ്യാ സഹായത്തോടെ കാർഷിക, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനശൃംഖല ശക്തിപ്പെടുത്തുന്ന നിർദിഷ്ട പദ്ധതി മുഖ്യമന്ത്രി വിശദീകരിച്ചു.  ഇത്തരം പ്രവർത്തനങ്ങൾക്ക് നബാർഡ് പിന്തുണ നൽകുമെന്ന് ചെയർമാൻ ഉറപ്പ് നൽകി. ഗ്രാമീണ വികസനത്തിന്‌ നബാർഡ് ധനസഹായം കൂടുതൽ പ്രയോജനപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ധന അഡീഷണൽ ചീഫ്‌ സെക്രട്ടറി രാജേഷ്‌ കുമാർ സിങ്‌ തുടങ്ങിയവരുമായും ചെയർമാൻ ചർച്ച നടത്തി. കാർഷിക സംസ്‌കരണ പാർക്കുകൾ, മീൻ കരയ്‌ക്കടുപ്പിക്കൽ കേന്ദ്രങ്ങളുടെ വികസനം, ഫാർമേഴ്‌സ്‌ പ്രൊഡ്യൂസേഴ്‌സ്‌ ഓർഗനൈസേഷനുകൾ തുടങ്ങിയവ ചർച്ചയുടെ ഭാഗമായി. കേരള ബാങ്കും സന്ദർശിച്ചു. ചൊവ്വാഴ്‌ച വ്യവസായമന്ത്രി പി രാജീവുമായി ചിന്തല ചർച്ച നടത്തി. Read on deshabhimani.com

Related News