ആര്യ പ്രേംജി അന്തരിച്ചു
തിരുവനന്തപുരം > വിധവാവിവാഹത്തിലൂടെ ചരിത്രത്തില്‍ ഇടംനേടിയ ആര്യ പ്രേംജി (99) അന്തരിച്ചു. സാമൂഹ്യപരിഷ്കര്‍ത്താവും നടനും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന പ്രേംജിയുടെ ഭാര്യയാണ്. ഞായറാഴ്ച രാത്രി 12ന് തിരുവനന്തപുരം അമ്പലംമുക്കിലുള്ള മകന്‍ നീലന്റെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടത്തി. നമ്പൂതിരി സമുദായത്തില്‍ സമൂലപരിവര്‍ത്തനത്തിന് തുടക്കമിട്ട വിധവാവിവാഹത്തിലൂടെയാണ് ആര്യാദേവി എംപി ഭട്ടതിരിപ്പാട് എന്ന പ്രേംജിയുടെ ജീവിതസഖിയായത്. നമ്പൂതിരി സമുദായത്തിലെ രണ്ടാമത്തെ വിധവാവിവാഹമായിരുന്നു ഇവരുടേത്. ആദ്യ വിധവാവിവാഹം പ്രേംജിയുടെ ജ്യേഷ്ഠന്‍ എം ആര്‍ ബിയും ഉമ അന്തര്‍ജനവും തമ്മിലായിരുന്നു. തൃശൂര്‍ ജില്ലയിലെ അന്തിക്കാട് കരുവാട്ട് മനയില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെയും ഉമാദേവി അന്തര്‍ജനത്തിന്റെയും മകളായി 1917ലാണ് ആര്യയുടെ ജനനം. 14–ാം വയസ്സില്‍ വിവാഹിതയായ ആര്യ 15–ാം വയസ്സില്‍ വിധവയായി. പിന്നീട് 12 വര്‍ഷം വിധവാജീവിതം. 27–ാം വയസ്സില്‍ പ്രേംജിയുമായുള്ള വിവാഹം. ഈ സമയത്ത് ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായിരുന്നു പ്രേംജി. വിവാഹത്തെ തുടര്‍ന്ന് ഇരുവര്‍ക്കും സമുദായം ഭ്രഷ്ട് കല്‍പ്പിച്ചു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായ ആര്യ 1964ല്‍ പൂങ്കുന്നത്തുനിന്ന് തൃശൂര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ അംഗമായി. മക്കള്‍: പരേതനായ കെപിഎസി പ്രേമചന്ദ്രന്‍, മാധ്യമപ്രവര്‍ത്തകനായ നീലന്‍ (എം പി നീലകണ്ഠന്‍), കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍നിന്ന് വിരമിച്ച ഹരീന്ദ്രനാഥന്‍, റിട്ട. കേണല്‍ ഇന്ദുചൂഡന്‍, സതി. മരുമക്കള്‍: ശാന്ത, ലീല, വരദ, പാര്‍വതി. നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, നിയുക്ത മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, എം പി അച്യുതന്‍, ചലച്ചിത്രപ്രവര്‍ത്തകരായ ഷാജി എന്‍ കരുണ്‍, കെ ആര്‍ മോഹന്‍, രാജീവ്നാഥ്, മധുപാല്‍, ഭാഗ്യലക്ഷ്മി, കെ ആര്‍ മനോജ്, ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഭ്രഷ്ടിനെ പ്രതിരോധിച്ച ധീര വനിത തിരുവനന്തപുരം > വിധവാവിവാഹത്തെ തുടര്‍ന്ന് സമുദായം ഭ്രഷ്ട് കല്‍പ്പിച്ചപ്പോള്‍ ആര്യ അന്തര്‍ജനം അതിനെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനങ്ങളിലൂടെ. 12 വര്‍ഷത്തെ വൈധവ്യത്തിനുശേഷം ആര്യയെ തന്റെ ജീവിതത്തിലേക്ക് പ്രേംജി സ്വീകരിച്ചപ്പോള്‍ വധൂവരന്മാര്‍ക്കു മാത്രമല്ല ആ വിവാഹത്തില്‍ പങ്കാളികളായവര്‍ക്കും യാഥാസ്ഥിതിക സമുദായ നേതൃത്വം വിലക്ക് കല്‍പ്പിച്ചു. നമ്പൂതിരി സമുദായത്തിന്റെ രണ്ടാം വിധവാവിവാഹമായിരുന്നു അത്. ആദ്യ വിധവാവിവാഹം നടത്തിയ പ്രേംജിയുടെ ജ്യേഷ്ഠന്‍ എം ആര്‍ ബി, ഭാര്യ ഉമ, വിവാഹത്തില്‍ പങ്കാളികളായ ഇ എം എസ്, വി ടി, ഐ സി പി നമ്പൂതിരി തുടങ്ങി നിരവധി പേര്‍ക്കും സമുദായം ഭ്രഷ്ട് കല്‍പ്പിച്ചു. ബന്ധുക്കളും മറ്റു സമുദായാംഗങ്ങളും നടത്തിയ നിസ്സഹകരണത്തെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിലൂടെയാണ് ആര്യ മറികടന്നത്. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ അവര്‍ അന്തര്‍ജന സമാജവും മഹിളാസംഘവും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ചെറുകാടിന്റെ നമ്മളൊന്ന് നാടകം അരങ്ങില്‍ എത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംഘാടനത്തിന്റെ മുന്‍ നിരയില്‍ ആര്യയും ഉണ്ടായിരുന്നു. പൂങ്കുന്നത്തെ പ്രേംജിയുടെ വസതിയില്‍തന്നെയായിരുന്നു നമ്മളൊന്നിന്റെ റിഹേഴ്സല്‍. ബാബുരാജ്, പി ജെ ആന്റണി, എം എസ് നമ്പൂതിരി, പരിയാനംപറ്റ തുടങ്ങിയവരായിരുന്നു നാടകത്തിലെ പ്രധാനികള്‍. നമ്പൂതിരി സമുദായത്തിലെ ബാലവിധവകളുടെ ദൈന്യം പുറംലോകത്തെ അറിയിച്ച ജീവിതമാണ് ആര്യയുടേത്. അന്തിക്കാട് കരുവാട്ടുമനയില്‍നിന്ന് 14–ാം വയസ്സില്‍ വിവാഹിതയായി ചാലക്കുടിക്കടുത്ത് പരിയാരത്ത് കുറിയേടത്തുമനയില്‍ എത്തിയ ആര്യ ദാമ്പത്യം ഒരുവര്‍ഷം പിന്നിടുന്നതിനുമുന്നേ 15–ാം വയസ്സില്‍ വിധവയായി. 12 വര്‍ഷത്തിനുശേഷം 27–ാം വയസ്സിലാണ് പ്രേംജിയെ വിവാഹം ചെയ്തത്. ആരോഗ്യം മോശമായതോടെയാണ് രണ്ടുവര്‍ഷം മുമ്പ് മാധ്യമപ്രവര്‍ത്തകനായ മകന്‍ നീലനൊപ്പം തിരുവനന്തപുരത്ത് താമസമായത്. രണ്ടുമാസം മുമ്പാണ് പൂര്‍ണമായും കിടപ്പിലായത്. സാമൂഹ്യമാറ്റത്തിന് കാവലാളായി... വി എം രാധാകൃഷ്ണന്‍ തൃശൂര്‍ > ഇ എം എസ്, വി ടി, എം ആര്‍ ബി, എം പി (പ്രേംജി)– ഈ പത്തക്ഷരങ്ങള്‍ കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തില്‍ വഹിച്ച പങ്ക് നിസ്തുലം. കേരളീയ നവോത്ഥാന മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു ഇവരെങ്കില്‍, അതു വഴിയുള്ള സാമൂഹ്യമാറ്റത്തിന്റെ കാവലാളിലൊരാളായിരുന്നു ആര്യ പ്രേംജി. നമ്പൂതിരിസമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ വി ടിയുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന പോരാട്ടമാണ് സമുദായത്തിലെ വിധവകള്‍ക്ക് പുനര്‍വിവാഹം വഴി പുതുജീവന്‍ നല്‍കിയത്. നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാവിവാഹം നടത്തിയത് എം ആര്‍ ബിയായിരുന്നെങ്കില്‍ രണ്ടാമത്തെ വിപ്ളവവിവാഹമായിരുന്നു പ്രേംജിയുടേത്. എം ആര്‍ ബി 1934ലാണ് വിധവയായ ഉമ അന്തര്‍ജനത്തെ വിവാഹം ചെയ്തത്. എം ആര്‍ ബിയുടെ ഇളയ സഹോദരനായിരുന്നു എം പി ഭട്ടതിരിപ്പാട് എന്ന പ്രേംജി. ദാരിദ്യ്രം നിറഞ്ഞ ഇല്ലത്തില്‍ ജനിച്ചുവളര്‍ന്ന ആര്യയുടെ ആദ്യവിവാഹം പതിനാലാം വയസ്സിലായിരുന്നു. ഒരു വര്‍ഷത്തിനകം ഭര്‍ത്താവ് മരിച്ചതോടെ ആര്യ പതിനഞ്ചാം വയസ്സില്‍ വിധവയായി. 12 വര്‍ഷത്തെ വൈധവ്യത്തിന് അന്ത്യമായത് കമ്യൂണിസ്റ്റും നടനുമായ പ്രേംജിയുടെ ഭാര്യയായതോടെയാണ്. 1946ലായിരുന്നു പ്രേംജിയുമായുള്ള വിവാഹം. അരനൂറ്റാണ്ട് പ്രേംജിയുമൊത്ത് സംഭവബഹുലവും സമരോത്സുകവുമായിരുന്നു അവരുടെ ജീവിതം. തൃശൂരില്‍ താമസമാക്കിയ വി ടി, എം ആര്‍ബി, പ്രേംജി എന്നിവരും അവരുടെ കുടുംബാംഗങ്ങളും ഒരു ഞെട്ടില്‍ വിരിഞ്ഞ പൂക്കളായാണ് അറിയപ്പെട്ടത്. എം ആര്‍ബിയുടെ ഭാര്യ ഉമ അന്തര്‍ജനത്തിന്റെ സഹോദരി ശ്രീദേവി അന്തര്‍ജനമായിരുന്നു വി ടി ഭട്ടതിരിപ്പാടിന്റെ ഭാര്യ. വി ടിയുടെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്', എം ആര്‍ബിയുടെ 'മറക്കുടയ്ക്കുള്ളിലെ മഹാനരകം' തുടങ്ങിയ നാടകങ്ങളുടെ അരങ്ങുകള്‍ സാമൂഹ്യമാറ്റത്തിന് ഇന്ധനം പകര്‍ന്നതാണ്. ഇതിന്റെയെല്ലാം നിശബ്ദമായ കാവലളാവാനല്ല ആര്യ ഒരുമ്പെട്ടത്. ഭര്‍ത്താവിനും സഹപ്രവര്‍ത്തകര്‍ക്കും പരമാവധി സഹായങ്ങള്‍ ചെയ്തു. പാര്‍വതി നെന്മിനിമംഗലം, ആര്യ പള്ളം എന്നിവരുടെ നേതൃത്വത്തില്‍ അന്തര്‍ജനസമാജം രൂപീകൃതമായപ്പോള്‍ അതിന്റെ സജീവപ്രവര്‍ത്തകയുമായി. കമ്യൂണിസിറ്റ് സഹയാത്രികയായിരുന്ന ആര്യ 1964–69 കാലത്ത് തൃശൂര്‍ നഗരസഭാ കൌണ്‍സിലറായും പ്രവര്‍ത്തിച്ചു. അടുത്ത കാലംവരെ ആര്യ താമസിച്ചിരുന്നത് തൃശൂര്‍ പൂങ്കുന്നത്തെ പ്രേംജിയുടെ വീട്ടിലാണ്. മൂന്നു വര്‍ഷം മുമ്പാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മകന്‍ നീലന്‍ അമ്മയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അതിജീവനത്തിന്റെ വഴികാട്ടിയായി 'അമ്മ' തൃശൂര്‍ > സഹനവും അതിജീവനവും സമരവും നിറഞ്ഞ ആര്യ പ്രേംജിയുടെ ജീവിതക്കാഴ്ചകള്‍ വേറിട്ട അനുഭവമാണ്. അരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമള്ള ഹ്രസ്വചിത്രത്തിലെ മുഖ്യകഥാപാത്രമായി ആ അമ്മയിലൂടെ നീലന്‍ കാണിച്ചത് കേരളചരിത്രത്തിന്റെ വിപ്ളവാത്മകവും അവിസ്മരണീയവുമായ അധ്യായവും. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നീലന്‍, തന്റെ 98 വയസ്സുള്ള അമ്മയ്ക്ക് സമര്‍പ്പിച്ച സ്നേഹോപഹാരമായിരുന്നു 'അമ്മ' എന്ന ഹ്രസ്വചിത്രം. 2015 ജൂലെ 17ന് തൃശൂര്‍ കൈരളി തിയറ്ററിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം പങ്കെടുത്ത ആസ്വാദക സദസ്സിന് ചിത്രം സമ്മാനിച്ചത് നവീന അനുഭവം. അമ്മ ആര്യ, നീലന്റെ ഭാര്യ ലീല, നീലന്റെ മകന്‍ അനിലിന്റെ മകന്‍ അഞ്ചു വയസ്സുകാരന്‍ അപ്പു എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. നീലനെയും കൂട്ടത്തില്‍ കാണിക്കുന്നുണ്ടെങ്കിലും അമ്മയ്ക്കു പറയാനുള്ളതു പറയട്ടെ എന്ന മട്ടില്‍ മാറി നില്‍ക്കുകയായിരുന്നു. ഇ എം എസ് അടക്കമുള്ള പ്രമുഖരുടെ വാക്കുകളും എ കെ ജി, സി അച്യുതമേനോന്‍ തുടങ്ങിയവരുടെ ദൃശ്യങ്ങളും 'അമ്മ'യുടെ രാഷ്ട്രീയ, സാമൂഹ്യ പ്രസക്തി വര്‍ധിപ്പിച്ചു. ചിത്രത്തിലൂടെ നല്‍കുന്ന പ്രചോദനാത്മകമായ സന്ദേശത്തിലൂടെ ആര്യ സമൂഹത്തിന്റെ മുഴുവന്‍ അമ്മയായി മാറുകയായിരുന്നു. 'അമ്മ'യ്ക്ക് ദേശീയ ചലച്ചിത പുരസ്കാരവും ലഭിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് കൂടുതലും തൃശൂരിലെ പ്രേംജിയുടെ വീട്ടിലായിരുന്നു. ദേശീയ അവാര്‍ഡ് വിവരം അമ്മയെ അറിയിച്ചപ്പോള്‍ അവര്‍ ഏറെ സന്താഷം പ്രകടിപ്പിച്ചതായി നീലന്‍ പറഞ്ഞു. പിറവി സിനിമയിലെ അഭിനയത്തിന് പ്രേംജിക്ക് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. 1998ലാണ് പ്രേംജി അന്തരിച്ചത്. Read on deshabhimani.com