മത്തി കുറയും, തീരം വറുതിയിലാകും
കേരളത്തിന്റെ തീരപ്രദേശത്ത‌് ഈവർഷവും മത്തിയുടെ ലഭ്യത കുറയുമെന്ന‌് ഗവേഷകർ. ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുടെ നിത്യവൃത്തിയെ ഇത‌് പ്രതികൂലമായി ബാധിക്കും. വരൾച്ച തുടരുന്ന സാഹചര്യത്തിൽ സമുദ്രത്തിലെ ‘അപ‌്‌വെല്ലിങ‌്’ പ്രതിഭാസം ഉണ്ടാകാത്തതിനാലാണ‌് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ലഭ്യത കുറയുന്നത‌്. മത്തിയുടെ ഉൽപ്പാദനത്തിലെ 60 വർഷത്തെ ഏറ്റക്കുറച്ചിലുകൾ പഠനവിധേയമാക്കിയതിൽ നിന്നും എൽനിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആർഐയിലെ പഠനങ്ങൾ സൂചന നൽകുന്നു. എൽനിനോ തീവ്രതയിലെത്തിയാൽ മത്തിയുടെ വളർച്ച മുരടിപ്പുണ്ടാകും. കുഞ്ഞുങ്ങളുമുണ്ടാവില്ല. എൻനിനോ മൂലം ‘അപ‌്‌വെല്ലിങ‌്’ നടക്കാത്തതിനാൽ മത്തിക്ക‌് വളരാൻ ആവശ്യമായ ഭക്ഷണം ലഭിക്കാത്തതാണ‌് ഇതിന‌് കാരണം. കേരളത്തിൽ 2012ൽ റെക്കോർഡ് അളവിൽ മത്തി ലഭിച്ചിരുന്നു. 8,39,000 ടൺ മത്തിയാണ‌് അന്ന‌് ലഭിച്ചത‌്. എന്നാൽ, എൽനിനോയുടെ വരവോടെ അടുത്ത ഓരോ വർഷവും ഗണ്യമായി കുറവുണ്ടായി. 2015ൽ എൽനിനോ തീവ്രമായതിനെ തുടർന്ന് 2016ൽ മത്തിയുടെ ലഭ്യത വൻതോതിൽ കുറഞ്ഞു. 2016ൽ 48,000 ടൺ മത്തി മാത്രമാണ‌് കേരള തീരത്തുനിന്ന‌് കിട്ടിയത‌്. തുടർന്ന‌് എൽനിനോ ദുർബലമായതോടെ 2017ൽ മത്തിയുടെ ലഭ്യത കൂടി. 2017ൽ കേരള തീരത്തുനിന്ന‌് 77,000 ടൺ മത്തി ലഭിച്ചു. 2018ൽ എൽനിനോ വീണ്ടും സജീവമായതാണ‌് ഇപ്പോഴത്തെ കുറവിന‌് കാരണം. കേരള തീരദേശത്ത‌് ഏതാണ്ട‌് 77,000 കുടുംബങ്ങളാണ‌് സീസണിൽ ലഭിക്കുന്ന മത്തി വിറ്റ‌് ജീവിക്കുന്നത‌്. ഏകദേശം 1,15,000 മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാകും. അതേസമയം, സംസ്ഥാനത്തെ വിപണിയിൽ മത്തിലഭ്യത കുറവുണ്ടാകാൻ സാധ്യതയില്ല. തമിഴ‌്നാട്ടിലെ കൂടല്ലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽനിന്ന‌് കൊച്ചിയിലെ കാളമുക്ക‌്, തൃശൂരിലെ ചേറ്റുവ, പൊന്നാനി എന്നിവിടങ്ങളിൽ നിത്യവും മത്തി എത്തും. എന്നാൽ, വലിയ വിലയാകും. എന്താണ‌് അപ‌്‌വെല്ലിങ് സമുദ്രത്തിന്റെ അടിത്തട്ടിലൂടെയുള്ള ഒഴുക്കാണ‌് ‘അപ‌്‌വെല്ലിങ‌്’. സമുദ്രാന്തർഭാഗത്തുള്ള തണുത്ത വെള്ളം മുകൾത്തട്ടിലേക്ക‌് വരുന്നത‌് ഈ സമയത്താണ‌്. ഈ വെള്ളത്തിനൊപ്പമാണ‌് മീന‌് ആവശ്യമായ തീറ്റയും മുകളിലേക്ക‌് വരുന്നത‌്. ഇത‌് സാധാരണ ഏപ്രിൽ, മെയ‌് മാസങ്ങളിലാണ‌് സംഭവിക്കുന്നത‌്. എന്നാൽ, ഈ വർഷം പസഫിക‌് സമുദ്രത്തിന്റെ കിഴക്കു ഭാഗത്തായി പെറു, ചിലി തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശത്ത‌് എൽനിനോ പ്രതിഭാസം ഉണ്ടായതിനാൽ ‘അപ‌്‌വെല്ലിങ‌്’ സാധ്യമാകില്ല. ഈ പ്രദേശങ്ങളിൽ മഴയുടെ അളവ‌് കൂടുതലായതിനാൽ സമുദ്രാന്തർഭാഗത്തെ തണുത്ത വെള്ളം മുകളിലേക്ക‌് ഉയരുന്നത‌് തടയപ്പെടുന്നതാണ‌് കാരണം. Read on deshabhimani.com