21 കിലോമീറ്റർ താണ്ടേണ്ട ; ഇടമലക്കുടിക്കും 
കുടുംബാരോഗ്യകേന്ദ്രമായി



തിരുവനന്തപുരം ചികിത്സതേടാൻ ഇനി ഇടുക്കിയിലെ ഇടമലക്കുടിക്കാർക്ക്‌ കൊടുംവനത്തിലൂടെ 21 കിലോമീറ്റർ താണ്ടേണ്ട. മൂന്ന്‌ ഡോക്‌ടർമാരുടെ സേവനം അടക്കം ലഭ്യമാക്കി എൽഡിഎഫ്‌ സർക്കാർ  ഇടമലക്കുടിയിൽ  കുടുംബാരോഗ്യ കേന്ദ്രം തുറക്കുന്നു. വ്യാഴം രാവിലെ 10ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്  ഉദ്‌ഘാടനംചെയ്യും. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇവിടെ 1.25 കോടി രൂപ ചെലവഴിച്ചാണ്‌ കെട്ടിടം ഉൾപ്പെടെ സൗകര്യങ്ങളൊരുക്കിയത്‌. ചികിത്സയ്‌ക്കൊപ്പം ലാബ് പരിശോധനകൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, കുട്ടികളുടെ കുത്തിവയ്പ് എന്നിവയും ലഭ്യമാകും. ഇടമലക്കുടി, ചട്ടമൂന്നാർ ആശുപത്രികൾക്ക് എട്ടുവീതം സ്ഥിരം തസ്തികകൾ അനുവദിച്ചു. ഇടമലക്കുടിയിൽ മൂന്ന്‌ ഡോക്ടർമാരെ കൂടാതെ, ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ അറ്റൻഡർ, നഴ്‌സിങ്‌ അസിസ്റ്റന്റ്, ഓഫീസ് ക്ലർക്ക്, നാല്‌ താൽക്കാലിക സ്റ്റാഫ് നഴ്‌സ്‌ എന്നിവരെ നിയമിച്ചു. ലാബ് ടെക്‌നീഷ്യനെയും ഉടൻ നിയമിക്കും. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ ചികിത്സയ്ക്കായി മൂന്നാറിൽ എത്തിക്കാൻ ജീപ്പും നൽകി. ജീവനക്കാർക്കായി ക്വാർട്ടേഴ്സുമുണ്ട്‌. വ്യാഴാഴ്‌ച ചട്ടമൂന്നാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വെള്ളിയാഴ്ച വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം (എഫ്എച്ച്സി)  എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും. സർക്കാരിന്റെ രണ്ടാംനൂറുദിന പരിപാടിയോട്‌ അനുബന്ധിച്ചാണ് പദ്ധതികൾ യാഥാർഥ്യമാക്കിയത്. Read on deshabhimani.com

Related News