തിരച്ചിൽ ആഴങ്ങളിൽ ; പുഴയിലെ നീരൊഴുക്ക് കൂടിയത്‌ 
 രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി

അങ്കോള ഷിരൂർ ദേശീയ പാതയിൽ മണ്ണിടിഞ്ഞ സ്ഥലത്തെത്തിയ എംഎൽഎമാരായ കെ എം സച്ചിൻ ദേവും 
ലിന്റോ ജോസഫും രക്ഷാപ്രവർത്തകരുമായി സംസാരിക്കുന്നു


  അങ്കോള ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുനായുള്ള തിരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ ചൊവ്വ രാവിലെ റഡാർ ഉപകരണങ്ങളടക്കം എത്തിച്ചെങ്കിലും കനത്ത മഴയും അടിയൊഴുക്കും കാരണം രാവിലെ ഒമ്പതിന് ശേഷം കാര്യമായ തിരച്ചിൽ നടന്നില്ല. നേവിയുടെയും എൻഡിആർഎഫിന്റെയും മുങ്ങൽ വിദഗ്‌ധർ സ്ഥലത്ത് എത്തിയിരുന്നു. കേരളത്തിലെ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് പോകാൻ അനുമതി നൽകിയില്ല. റോഡരികിലെ വലിയ പാറയും മറ്റും നീക്കി ദേശീയപാത ഗതാഗതത്തിന്‌ തുറന്നുകൊടുക്കാനാണ്  കർണാടക സർക്കാർ ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ 16ന് രാവിലെ എട്ടരയ്-ക്ക് ശേഷം ഷിരൂർ ദേശീയ പാതയിൽ കുടുങ്ങിയ നൂറു കണക്കിന് ടാങ്കറുകൾ പാത തുറക്കാൻ കാത്തിരിക്കുകയാണ്.  കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനുള്ള ഉപകരണങ്ങൾ ഡൽഹിയിൽ നിന്നെത്തിച്ച് ബുധനാഴ്ച പുഴയിൽ തിരച്ചിൽ തുടരുമെന്ന് അറിയുന്നു. മലയാളിയായ റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ ഇതിന് നേതൃത്വം നൽകും. അദ്ദേഹം ബുധൻ രാവിലെ അങ്കോളയിലെത്തും.  ഉത്തരകന്നഡ ജില്ലാ അധികാരികളുടെ ആവശ്യപ്രകാരമാണിത്. അതിനിടെ, ഷിരൂരിൽനിന്ന് എട്ടുകിലോമീറ്റർ അകലെ ചൊവ്വ രാവിലെ ഒരു മൃതദേഹംകൂടി കരയ്‌ക്കടിഞ്ഞു. പുഴയുടെ അക്കരെ ഹുൻസൂരിൽ താമസിച്ചിരുന്ന സന്നി ഹനുമന്തയാണ് മരിച്ചത്. ഇതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം എട്ടായി. അർജുനടക്കം മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്.    കേരളത്തിൽനിന്ന് എംഎൽഎമാരായ കെ എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് എന്നിവർ സ്ഥലത്തെത്തി. Read on deshabhimani.com

Related News