പരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് കടയുടമയുടെ ഭീഷണി
ആലുവ കീഴ്മാട് പഞ്ചായത്തിന്റെ ആരോഗ്യ ശുചിത്വ പരിപാലന സ്‌ക്വാഡ് അംഗങ്ങൾക്കുനേരെ അശോകപുരം അണ്ടിക്കമ്പനിക്കുസമീപം മീൻ, ഇറച്ചി വിൽപ്പന നടത്തുന്നയാൾ ഭീഷണി മുഴക്കി. കൊടുകുത്തുമല സ്വദേശി ഫൈസലി (45)നെതിരെ ആലുവ പൊലീസ് കേസെടുത്തു. ചൊവ്വ പകൽ രണ്ടിനാണ് സംഭവം. സ്ഥാപനത്തിന്റെ രേഖകൾ ബുധൻ രാവിലെ ആരോഗ്യവിഭാഗം ഓഫീസിൽ ഹാജരാക്കാൻ നിർദേശിച്ച് ഹെൽത്ത് ഇൻസ്പെക്ടർ എം ഐ സിറാജ്, ജെഎച്ച്‌ഐമാരായ എം എം സക്കീർ, എസ് എസ് രേഖ, കെ ബി ശബ്‌ന എന്നിവർ തിരികെ വാഹനത്തിൽ കയറുമ്പോഴാണ് ഫൈസൽ പ്രകോപിതനായി ആയുധങ്ങളുമായെത്തി ഭീഷണി മുഴക്കിയത്. വാഹനത്തിന്റെ ബോണറ്റിൽ ആഞ്ഞടിച്ച ഫൈസൽ, കത്തിക്കുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പൊതുപ്രവർത്തകരെത്തി ഇയാളെ പിടിച്ചുമാറ്റി. ഉദ്യോഗസ്ഥരുടെ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. ഫൈസലിന്റെ ഇറച്ചി–-മീൻ കടയിൽ ജൂൺ 16ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പോരായ്‌മകൾ പരിഹരിക്കാൻ നോട്ടീസ് നൽകിയിരുന്നു. അറവുശാലയ്‌ക്ക് ലൈസൻസും ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്‌ച വീണ്ടും എത്തിയപ്പോഴും അറവുശാലയ്‌ക്ക് ലൈസൻസ് എടുത്തിരുന്നില്ല. എല്ലാ ജീവനക്കാരുടെയും ഹെൽത്ത് കാർഡും ഹാജരാക്കിയില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തതായി ആലുവ പൊലീസ് അറിയിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്റെ റോഡരികിലെ ഭിത്തിപൊളിച്ച് രണ്ട് മാസംമുമ്പ് ചട്ടവിരുദ്ധമായി ഷട്ടറുകൾ സ്ഥാപിച്ച് ഇറച്ചി–-മീൻ കട തുറന്നത് നേരത്തേ വിവാദമായിരുന്നു. Read on deshabhimani.com