മുറിവില്ലാതെ മുഴ നീക്കിയ ആ‘ശ്വാസ’ത്തിൽ ഭവാനിയമ്മ



ആലുവ രാജഗിരി ആശുപത്രിയിൽ ശ്വാസനാളത്തിലെ മുഴ മുറിവില്ലാതെ നീക്കിയ ആ"ശ്വാസ'ത്തിൽ ഭവാനിയമ്മ. പെരുമ്പാവൂർ സ്വദേശി ഭവാനിയമ്മ ആസ്‌ത്‌മയെന്നു കരുതിയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വീഴ്ചയിൽ കാലിന്റെ എല്ല് പൊട്ടിയതിനെ തുടർന്ന് ഏറെ കാലമായി നടക്കാറില്ല. മകൻ ശ്രീകുമാറിനൊപ്പമാണ്‌ ആശുപത്രിയിലെത്തിയത്‌. കാലങ്ങളായി നടക്കാത്തതിനെ തുടർന്ന് അശുദ്ധരക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഭവാനിയമ്മയ്ക്കുള്ളതായി ശ്വാസകോശരോഗവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ദിവ്യയുടെ പരിശോധനയിൽ കണ്ടെത്തി. തുടർപരിശോധനയിലാണ്‌ ശ്വാസനാളത്തിലെ മുഴ ശ്രദ്ധയിൽപ്പെട്ടത്. ശ്വാസനാളത്തിന്റെ ഭിത്തിയിൽനിന്ന്‌ മുഴ ആരംഭിക്കുന്നതായി വ്യക്തമായി. ശ്വാസനാളം 80 ശതമാനം അടഞ്ഞിരുന്നതിനാൽ ട്രക്കിയോസ്റ്റമി ചെയ്ത് രോഗിയുടെ ശ്വാസഗതി നിയന്ത്രിച്ചശേഷമാണ് അനസ്തേഷ്യ നൽകിയത്. ശ്വാസകോശരോഗവിഭാഗം മേധാവി ഡോ. രാജേഷ് വെങ്കിടകൃഷ്ണൻ, ഡോ. ആനന്ദ് വിജയ് എന്നിവർ ബ്രോങ്കോസ്കോപ്പ് ഉപയോഗിച്ച് മുഴ നീക്കി. വൈദ്യുതതരംഗം ഉപയോഗിച്ച് ഇലക്‌ട്രോകോട്ടറി വഴി മുഴ മുറിച്ചശേഷം, ക്രയോതെറാപ്പിയിലൂടെ അത് പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോ. ആനന്ദ് വിജയ് അറിയിച്ചു. ശ്വാസകോശവിഭാഗത്തിലെ ഡോ. മെൽസി ക്ലീറ്റസ്, ഡോ. ഹാഷാ തങ്കം സോംസൺ എന്നിവരും ചികിത്സയിൽ പങ്കാളികളായി. രണ്ടാംദിവസം ട്രക്കിയോസ്റ്റമി ട്യൂബ് നീക്കുകയും നാലാംദിനം ഭവാനിയമ്മ ആശുപത്രി വിടുകയും ചെയ്തു. Read on deshabhimani.com

Related News