സുസ്ഥിരഗതാഗതത്തിലൂടെ സമഗ്രവികസനം
കൊച്ചി കൊച്ചിയുടെയും സമീപപ്രദേശങ്ങളുടെയും വികസനം ലക്ഷ്യമാക്കിയുള്ള സമഗ്രഗതാഗത രൂപരേഖയുടെ (കോംപ്രഹൻസീവ് മൊബിലിറ്റി പ്ലാൻ–-സിഎംപി) കരട് ചർച്ചയിൽ മികച്ച പ്രതികരണം. മന്ത്രി പി രാജീവ് അധ്യക്ഷനായി ടൗൺഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ബഹുജനങ്ങളുടെയും യോഗത്തിലാണ് രൂപരേഖ അവതരിപ്പിച്ചത്. തുടർദിവസങ്ങളിൽ കോർപറേഷൻ കൗൺസിൽ, കൊച്ചിയോട് ചേർന്നുകിടക്കുന്ന ഒമ്പതു നഗരസഭാ കൗൺസിലുകൾ, 29 പഞ്ചായത്തുകൾ എന്നിവ യോഗം ചേർന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും തയ്യാറാക്കും. നിയോജകമണ്ഡലം അടിസ്ഥാനത്തിലും യോഗം ചേരും. ഒരുമാസത്തിനകം മുഴുവൻ അഭിപ്രായങ്ങളും സമാഹരിക്കും. മൂന്നുമാസത്തിനകം അന്തിമറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ), ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) എന്നിവയ്‌ക്കുകീഴിലെ 732 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് സമഗ്രഗതാഗത രൂപരേഖയിൽ ഉൾപ്പെടുന്നത്. എല്ലാ വിഭാഗങ്ങൾക്കും ആശ്രയിക്കാവുന്നതും പരിസ്ഥിതിസൗഹൃദവും കാര്യക്ഷമവുമായ സുസ്ഥിര ഗതാഗതസംവിധാനത്തിലൂടെ സാമൂഹ്യ, സാമ്പത്തിക വളർച്ചയാണ് ലക്ഷ്യം. കെഎംആർഎൽ ചുമതലപ്പെടുത്തിയ കൺസൾട്ടൻസിയാണ് വിശദപഠനത്തിന്റെയും സർവേകളുടെയും അടിസ്ഥാനത്തിൽ രൂപരേഖയുടെ കരട് തയ്യാറാക്കിയത്. കൊച്ചിയുടെ നിലവിലെ പൊതുസ്ഥിതി, 30 വർഷത്തിനകം ജനസംഖ്യയിലും ഭൂവിനിയോഗത്തിലും സാമ്പത്തികപ്രവർത്തനങ്ങളിലും ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ വിശകലനം ചെയ്‌ത് മൂന്നുഘട്ടങ്ങളായി യാഥാർഥ്യമാക്കേണ്ട പദ്ധതികളാണ് നിർദേശിച്ചിട്ടുള്ളത്. Read on deshabhimani.com