പാസഞ്ചർ ട്രെയിനുകളിൽ രണ്ടാം ക്ലാസ്‌ 
ഓർഡിനറി നിരക്ക്‌ 
പുനഃസ്ഥാപിച്ചതിലും തട്ടിപ്പ്‌ ; സ്‌പെഷ്യൽ ട്രെയിൻ ഓടിച്ച്‌ കൊള്ള



പാലക്കാട്‌ പാസഞ്ചർ ട്രെയിനുകളിലെ രണ്ടാം ക്ലാസ് ഓർഡിനറി നിരക്ക് പുനഃസ്ഥാപിച്ചതിലും റെയിൽവേയുടെ തട്ടിപ്പ്‌. പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞനിരക്ക്‌ മുപ്പതിൽനിന്ന്‌ പത്ത്‌ രൂപയാക്കിയെന്നാണ്‌ റെയിൽവേയുടെ അവകാശവാദം. ഈ നിരക്ക്‌ ബാധകമാകുക 200 കിലോമീറ്ററിൽ താഴെ ദൂരം മാത്രം ഓടുന്ന ചുരുക്കം ചില ട്രെയിനുകൾക്കാണ്‌. കോവിഡ് കാലത്ത്‌ നിർത്തലാക്കിയ പാസഞ്ചർ, ഓർഡിനറി ട്രെയിനുകൾ പാസഞ്ചർ സ്‌പെഷ്യലുകളായാണ്‌ പുനഃസ്ഥാപിച്ചത്‌. ടിക്കറ്റ്‌ നിരക്കും സ്‌പെഷ്യലിന്റേതാക്കി. പ്രതിഷേധം ഉയർന്നതോടെ സ്‌പെഷ്യൽ പേരുമാറ്റി പാസഞ്ചറാക്കി. നിരക്കുവർധന പിൻവലിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പാണ്‌ നിരക്കും പഴയ നിലയിലേക്ക്‌ മാറ്റിയെന്ന അറിയിപ്പ്‌ വന്നത്‌. എന്നാൽ കിലോമീറ്റർ പരിധി നിശ്‌ചയിച്ചു വഞ്ചിച്ചു.  ചെറിയ ദൂരത്തിൽ മാത്രം നിരക്ക്‌ മാറ്റം നടപ്പാക്കിയതിനാൽ ഭൂരിഭാഗം യാത്രക്കാർക്കും ഗുണമില്ല.   ഗരീബ്‌രഥ്‌ റദ്ദാക്കി, സ്‌പെഷ്യൽ ട്രെയിൻ ഓടിച്ച്‌ കൊള്ള ഗരീബ്‌രഥ്‌ ഉൾപ്പെടെ സാധാരണക്കാർ ആശ്രയിക്കുന്ന കുറഞ്ഞനിരക്കിലുള്ള പല ട്രെയിനുകളും ട്രാക്ക്‌ അറ്റകുറ്റപ്പണിയുടെ പേരിൽ റദ്ദാക്കിയാണ്‌ ഉയർന്ന നിരക്കിൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിച്ചത്‌. ഏതാനും മാസത്തിനിടെ ന്യൂഡൽഹി–- തിരുവനന്തപുരം കേരള എക്‌സ്‌പ്രസിന്റെ ആറും കന്യാകുമാരി–-ബംഗളൂരു ഐലന്റ്‌ എക്‌സ്‌പ്രസിന്റെ അഞ്ചും കന്യാകുമാരി–-പുണെ ജയന്തി ജനത എക്‌സ്‌പ്രസിന്റെ നാലും സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചു. പകരം എസി ത്രീ ടയർ, ത്രീടയർ എക്കണോമി കോച്ചുകൾ അനുവദിച്ചു. ഇതോടെ റെയിൽവേയുടെ വരുമാനം വർധിച്ചു. എന്നാൽ സ്ലീപ്പർ, ജനറൽ കോച്ചുകളിൽ തിരക്ക്‌ ഇരട്ടിയായി.  എക്‌സ്‌പ്രസ്‌, സൂപ്പർ ഫാസ്‌റ്റ്‌ ട്രെയിനുകളുടെ സ്ലീപ്പർ, ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതാണ്‌ തിരക്ക്‌ വർധിക്കാൻ പ്രധാന കാരണം. ഏറെ തിരക്കേറിയ പരശുറാം, വേണാട്, വഞ്ചിനാട്, ഏറനാട്‌, മാവേലി, കേരള എക്‌സ്‌പ്രസ്‌, ഐലന്റ്‌ എക്‌സ്‌പ്രസ്‌, ചെന്നൈ മെയിൽ, ചെന്നൈ സൂപ്പർ ഫാസ്‌റ്റ്‌, കണ്ണൂർ–-കോയമ്പത്തൂർ പാസഞ്ചർ, മെമു തുടങ്ങിയ ട്രെയിനുകളിൽ കൂടുതൽ കോച്ച്‌ അനുവദിച്ചാൽ തിരക്ക്‌ ഒരുപരിധിവരെ കുറയ്‌ക്കാനാകും.   Read on deshabhimani.com

Related News