ചെറുകാട് അവാര്‍ഡ് പ്രൊഫ. കെ പി ശങ്കരന്
പെരിന്തല്‍മണ്ണ > ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് പ്രൊഫ. കെ പി ശങ്കരന്. നിരൂപണസാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാള സാഹിത്യ നിരൂപണത്തിന്റെ സൌമ്യദീപ്തമായ സ്വരത്തിന്റെ ഉടമയാണ് കെ പി ശങ്കരനെന്ന് സമിതി വിലയിരുത്തി. ആറുപതിറ്റാണ്ടുകാലത്തെ സമ്പൂര്‍ണവും സമര്‍പ്പിതവുമായ സാഹിത്യസപര്യക്കുള്ള ആദരംനിറഞ്ഞ അംഗീകാരമാണിത്. പ്രൊഫ. കെ പി ശങ്കരന്‍ തൃശൂര്‍ കേരളവര്‍മ കോളേജിലും മൈസൂരുവിലെ റീജ്യണല്‍ കോളേജ് ഓഫ് എഡ്യുക്കേഷനിലും ജോലിചെയ്തു. 2001-ല്‍ വിരമിച്ചു. മഞ്ഞുതുള്ളി (ഏകാംഗം), അനുശീലനം, അഭിവാദ്യങ്ങള്‍, കുളിരും തണലും, സമീപനം, ഋതുപരിവര്‍ത്തനം, നവകം, ത്രിവേണി, നിര്‍ധാരണങ്ങള്‍, നിരീക്ഷണങ്ങള്‍, സപ്തകം, സ്നേഹലതാ റെഡ്ഡിയുടെ ജയില്‍ ഡയറി (പരിഭാഷ) എന്നിവയാണ് കൃതികള്‍. കര്‍ണാടക നോവലിസ്റ്റായ യു ആര്‍ അനന്തമൂര്‍ത്തിയുടെ സംസ്കാരം എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സംഘത്തിലെ പ്രധാനിയാണ് അദ്ദേഹം. Read on deshabhimani.com