ഹേമാകമ്മിറ്റി റിപ്പോർട്ട്‌ ; കേസെടുത്ത്‌ അന്വേഷിക്കണമെന്ന
 ഹൈക്കോടതി ഉത്തരവിന്‌ സ്‌റ്റേയില്ല



ന്യൂഡൽഹി ഹേമാകമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം  സുപ്രീംകോടതി അംഗീകരിച്ചില്ല. ഹേമാകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത്‌ അന്വേഷിക്കണമെന്ന ഹൈക്കോടതി പ്രത്യേകബെഞ്ചിന്റെ നിർദേശത്തിനെതിരെ നിർമാതാവ്‌ സജിമോൻ പാറയിലാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ഹർജി പരിഗണിച്ച സുപ്രീംകോടതി സംസ്ഥാനസർക്കാർ, ഡബ്ല്യുസിസി തുടങ്ങിയ കക്ഷികൾക്ക്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചു. എന്നാൽ, ഹൈക്കോടതി നിർദേശം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം അംഗീകരിച്ചില്ല. മൂന്നാഴ്‌ചയ്‌ക്കുശേഷം കേസ്‌ വീണ്ടും പരിഗണിക്കാമെന്നും അന്ന്‌ എതിർകക്ഷികളുടെ കൂടി വാദംകേട്ട ശേഷം സ്‌റ്റേ ആവശ്യത്തിൽ നിലപാട്‌ വ്യക്തമാക്കാമെന്നും ജസ്‌റ്റിസ്‌ വിക്രംനാഥ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. അതേസമയം, ഹേമാകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിച്ച ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്‌ എതിരെ ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ്‌തഗി ആരോപണമുന്നയിച്ചു. പ്രത്യേക ബെഞ്ചിലെ ജഡ്‌ജിമാർ വിഷയം പരിഗണിക്കുന്നതിന്‌ മുമ്പ്‌ പ്രത്യേക അന്വേഷക സംഘത്തിലെ ഉദ്യോഗസ്ഥൻമാരുമായും അഡ്വക്കറ്റ്‌ ജനറലുമായും കൂടിക്കാഴ്‌ച നടത്തിയെന്നായിരുന്നു ആരോപണം. നേരത്തെ ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മുകുൾ റോഹ്‌തഗിയാണ്‌ സുപ്രീംകോടതിയിൽ ഹാജരായത്‌. Read on deshabhimani.com

Related News