തൃപ്പൂണിത്തുറ നഗരസഭ ; ക്വാറം തികഞ്ഞില്ല , ബിജെപിയുടെ അവിശ്വാസനീക്കം പാളി
തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ നഗരസഭയിൽ എൽഡിഎഫിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയം ക്വാറം തികയാത്തതിനാൽ അവതരിപ്പിക്കാനായില്ല. ബിജെപിക്ക് ഒപ്പം അവിശ്വാസപ്രമേയ അവതരണത്തിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. കൗൺസിൽ യോഗത്തിലേക്ക് ബിജെപി അംഗങ്ങൾ കടന്നുവന്നതോടെ ചെയർപേഴ്സൺ ഉൾപ്പെടെ എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെ പ്രമേയം അവതരിപ്പിക്കാനായില്ല.49 അംഗ കൗൺസിലിൽ എൽഡിഎഫിന് 23, ബിജെപിക്ക് 17, യുഡിഎഫിന് 8 അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. എൽഡിഎഫ് ഭരണസമിതിക്കെതിരെ മൂന്നാംതവണയാണ് ബിജെപി അവിശ്വാസപ്രമേയ നോട്ടീസ് നൽകുന്നത്. അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് നഗരസഭാകവാടത്തിൽ ആഹ്ലാദപ്രകടനവും കേക്ക് മുറിച്ച് ആഘോഷവും നടത്തി. ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, യു കെ പീതാംബരൻ, കെ ടി അഖിൽദാസ് തുടങ്ങിയവർ സംസാരിച്ചു. ബിജെപി–-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി നഗരസഭയിലെ അവിശ്വാസപ്രമേയത്തെ ചൊല്ലി കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. എൽഡിഎഫ് ചെയർപേഴ്സണും വൈസ് ചെയർമാനുമെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് നഗരസഭാകവാടത്തിലെ ബഹളത്തിൽ കലാശിച്ചത്. കൗൺസിൽ ബഹിഷ്‌കരിച്ച് നഗരസഭാ കവാടത്തിൽ ഭരണസമിതിക്കെതിരെ പ്രതിഷേധ ധർണ നടത്തുമെന്ന് യുഡിഎഫ് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. തിങ്കൾ രാവിലെ കൗൺസിലിൽ ഹാജരായ സിപിഐ എം അംഗങ്ങൾ, ബിജെപി കൗൺസിലർമാർ എത്തിയതോടെ ഇറങ്ങിപ്പോയി. ഇതേത്തുടർന്ന് കൗൺസിൽ ഹാളിൽ തനിച്ചായ ബിജെപി അംഗങ്ങൾ നഗരസഭാ കവാടത്തിലെത്തി യുഡിഎഫിനും ഭരണപക്ഷത്തിനുമെതിരെ പ്രതിഷേധം തുടങ്ങി. പിന്നീട് യുഡിഎഫ് അംഗങ്ങൾ നിശ്ചയിച്ചുറപ്പിച്ച സമയത്ത് പ്രതിഷേധത്തിനായി എത്തിയതോടെയാണ് ഇരുപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായത്. ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ബഹളം ശമിക്കാത്തതിനാൽ പൊലീസ് യുഡിഎഫുകാരുടെ മൈക്ക് ഓഫ് ചെയ്തു. ബിജെപിക്കാരുടെയും മൈക്ക് ഓഫ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫുകാർ റോഡ് ഉപരോധിച്ചതോടെ പൊലീസ് ബിജെപിക്കാരുടെ മൈക്കും ഓഫ് ചെയ്തു. ബഹളം തുടരുന്നതിനിടയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യുഡിഎഫിന്റെ ധർണ ഉദ്ഘാടനത്തിനായെത്തി. ഡിസിസി പ്രസിഡന്റ് മൈക്കിൽ പ്രസംഗം തുടങ്ങിയതോടെ ബിജെപിയും മൈക്ക് ഉപയോഗിച്ച് പ്രതിഷേധിച്ചു. തൊട്ടടുത്തുനിന്ന് ഇരുകൂട്ടരും ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നതോടെ പൊലീസ് യുഡിഎഫുകാരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ബിജെപി പക്ഷവും പിരിഞ്ഞുപോയി. Read on deshabhimani.com