എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ ; ബ്രിഗേഡിയർ റാങ്കിലുള്ള ഓഫീസർ അന്വേഷിക്കും

ഭക്ഷ്യവിഷബാധയുണ്ടായ എൻസിസി ക്യാമ്പ് നടക്കുന്ന കെഎംഎം കോളേജിൽ 
പ്രതിഷേധിച്ച രക്ഷിതാക്കളെ പൊലീസ് ശാന്തരാക്കുന്നു


തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റത്‌ അന്വേഷിക്കാൻ ബ്രിഗേഡിയർ റാങ്കിലുള്ള ഓഫീസറെ ചുമതലപ്പെടുത്തി. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി സുരേഷ് കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ച്‌ ഒഫീഷ്യേറ്റിങ് അഡീഷണൽ ഡയറക്ടർ ജനറൽ ഉത്തരവിറക്കി. ക്യാമ്പിൽനിന്ന്‌ ശേഖരിച്ച ഭക്ഷണപദാർഥങ്ങളുടെയും കുടിവെള്ളത്തിന്റെയും പരിശോധനാഫലം രണ്ടുദിവസത്തിനകം ലഭിക്കും. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 107 വിദ്യാർഥികളും ആശുപത്രി വിട്ടു. ക്യാമ്പ്‌ രണ്ടുദിവസത്തെ അവധിക്കുശേഷം വ്യാഴാഴ്‌ച പുനരാരംഭിക്കുമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ അറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായതോടെ പൊലീസ്‌ ഇടപെട്ട്‌ ക്യാമ്പിന്റെ പ്രവർത്തനം നിർത്തിവയ്‌പിച്ചിരുന്നു. എൻസിസി ഡയറക്ടറേറ്റിന്റെ കീഴിലുള്ള 21 കേരള ബറ്റാലിയൻ തൃക്കാക്കര കെഎംഎം കോളേജിൽ 21 മുതൽ 30 വരെ നടത്തുന്ന സംയുക്ത വാർഷിക പരിശീലന ക്യാമ്പിലാണ്‌ ഭക്ഷ്യവിഷബാധയുണ്ടായത്‌.   തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിച്ചവർ വിവിധ അസ്വസ്ഥതകളുമായി ചികിത്സ തേടുകയായിരുന്നു. സ്കൂൾ, കോളേജ്‌ വിദ്യാർഥികളായ 283 ആൺകുട്ടികളും 235 പെൺകുട്ടികളും ക്യാമ്പിലുണ്ടായിരുന്നു. ബിജെപി കൗൺസിലർക്ക്
 എതിരെ കേസ്‌ ഭക്ഷ്യവിഷബാധയെ തുടർന്ന് ക്യാമ്പിനകത്ത് നടന്ന സംഘർഷത്തിൽ ബിജെപി കൗൺസിലർക്കും വിദ്യാർഥി നേതാക്കൾ ഉൾപ്പെടെ പത്തുപേർക്കുമെതിരെ തൃക്കാക്കര പൊലീസ്‌ കേസെടുത്തു. ക്യാമ്പിലേക്ക് അതിക്രമിച്ചുകയറി സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്‌.
   കളമശേരി നഗരസഭ ബിജെപി കൗൺസിലർ പ്രമോദ്‌ തൃക്കാക്കരയ്ക്കെതിരെയാണ്‌ കേസെടുത്തത്‌. വിദ്യാർഥികളെ മർദിച്ചതായി പരാതി എൻസിസി ക്യാമ്പിൽ വിദ്യാർഥികളെ  മർദിച്ചതായി പരാതി. വിവരം വീട്ടിൽ പറഞ്ഞാൽ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ പറയുന്നു. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച വിദ്യാർഥിക്കും മർദനമേറ്റതായും കുട്ടികൾ പറഞ്ഞു. ഒരു വിദ്യാർഥിയുടെ മാതാപിതാക്കൾ തൃക്കാക്കര പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്‌. എസ്എഫ്ഐ നേതാവിനെതിരെ വ്യാജപ്രചാരണം എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട്‌ എസ്എഫ്ഐ നേതാവിനെതിരെ പ്രചരിക്കുന്ന വ്യാജ ആരോപണം തള്ളിക്കളയണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 600 വിദ്യാർഥികൾ പങ്കെടുത്ത ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായതും 107 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതും അറിഞ്ഞാണ്‌ എസ്എഫ്ഐ പ്രവർത്തകർ എത്തിയത്‌. വിദ്യാർഥികളുടെ വിവരങ്ങൾ പങ്കുവയ്‌ക്കാൻ ക്യാമ്പ്‌ അധികൃതർ തയ്യാറാകുന്നില്ലെന്ന് രക്ഷിതാക്കൾ പരാതി ഉന്നയിച്ചപ്പോഴാണ് എസ്എഫ്ഐ നേതാക്കൾ എൻസിസി അധികൃതരെ കാണണമെന്നും വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടത്.വിദ്യാർഥികളെ സുരക്ഷിതമായി കോളേജുകളിലേക്കോ വീടുകളിലേക്കോ എത്തിക്കണമെന്നും ചികിത്സാചെലവ് സംഘാടകര്‍ ഏറ്റെടുക്കണമെന്നും രക്ഷിതാക്കളുമായി ക്യാമ്പ്‌ സംഘാടകർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും എസ്എഫ്ഐ ആദ്യം ആവശ്യപ്പെട്ടിരുന്നു.പിന്നീട് ക്യാമ്പിനകത്ത് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയെന്നും ഓഫീസർ മർദിച്ചുവെന്നും ചില കുട്ടികൾ  ദൃശ്യമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചു.മർദിച്ച അധ്യാപകൻ അടുത്തുള്ള ഹോസ്റ്റലിൽ ഉണ്ടെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നീട് സ്ഥലത്തെത്തിയ ഉമ തോമസ് എംഎൽഎ, പ്രതികളെ സംരക്ഷിക്കുന്നതിനുവേണ്ടി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഭാഗ്യലക്ഷ്മി വിദ്യാർഥികളോട് അസഭ്യം പറഞ്ഞ് അവരെ അപമാനിച്ചു എന്ന നുണ പ്രചരിപ്പിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവർ മൊബൈൽഫോണിൽ രംഗങ്ങൾ ചിത്രീകരിക്കുന്നുണ്ടായിരുന്നു. അസഭ്യം പറയുന്ന രംഗങ്ങൾ പുറത്തുവിടാൻ ആരോപണം ഉന്നയിച്ചവർ തയ്യാറാകണം. വ്യാജ ആരോപണം ഉന്നയിച്ച് വിദ്യാർഥികളെ കബളിപ്പിച്ച്, കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എംഎൽഎ സ്വീകരിച്ചത്. ഭാഗ്യലക്ഷ്മിക്കെതിരെ കടുത്ത സൈബർ ആക്രമണം തുടരുകയാണ്. ഇതിനെ നിയമപരമായി നേരിടും. കുറ്റക്കാരെ സംരക്ഷിക്കുന്നതിൽനിന്ന് സ്ഥലം എംഎൽഎ പിന്മാറണമെന്നും വിദ്യാർഥികളോടും മാതാപിതാക്കളോടും പൊതുസമൂഹത്തിനോടും മാപ്പ് പറയണമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News