‘പെൻഷൻ തുക എണ്ണിയുള്ള ആ ചിരി മറക്കില്ല’ ; ജനങ്ങളുടെ സന്തോഷമാണ്‌ ഏത്‌ ഭരണാധികാരിക്കും സന്തോഷം നൽകുന്നത്‌ : മുഖ്യമന്ത്രി



ജനങ്ങളുടെ സന്തോഷമാണ്‌ ഏത്‌ ഭരണാധികാരിക്കും സന്തോഷം നൽകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുടങ്ങിയ ക്ഷേമപെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തപ്പോൾ വലിയൊരു തുക പാവങ്ങളുടെ കൈയിൽകിട്ടി. നോട്ടുകൾ എണ്ണി പല്ലില്ലാത്ത മോണകാട്ടി ഹൃദ്യമായി ചിരിച്ച പ്രായമുള്ള സ്‌ത്രീയുടെ ചിത്രം നാടാകെ ഏറ്റെടുത്തു. ആദ്യമുണ്ടായ സന്തോഷം അതാണ്‌. ലൈഫ് മിഷനിലൂടെ രണ്ട് ലക്ഷത്തിലധികം പേർക്ക് വീട് നൽകാനായത്‌ നാലു വർഷത്തിനിടെ ഏറെ സന്തോഷമുണ്ടാക്കിയെന്ന്‌ സാമൂഹ്യമാധ്യമങ്ങൾവഴിയുള്ള ചോദ്യങ്ങൾക്ക്‌  മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഓരോവർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. സർക്കാരിന്‌ അതിനുള്ള ധൈര്യമുണ്ട്‌. കേരളമെന്ന നാടിനെ ഇന്ന്‌ ലോകത്തിനാകെ അറിയാം. ജീവിക്കാൻ സുരക്ഷിതമായ നാടാണെന്നാണ്‌ പൊതുവെ വിലിയിരുത്തൽ. യുവജനക്ഷേമത്തിന്‌ സർക്കാർ വലിയ പ്രാമുഖ്യം നൽകി. കൂടുതൽ തൊഴിൽ നൽകാനായി. സ്റ്റാർട്ടപ്പുകളിലും കാർഷികരംഗത്തും ഏറെ യുവാക്കൾ മുന്നോട്ടുവരികയാണ്‌. കാർഷിക–-മത്സ്യബന്ധന മേഖലയുടെ വികസനത്തിന് നിരവധി പദ്ധതി ആവിഷ്കരിച്ചു. ബോധപൂർവം കരിവാരിത്തേക്കാൻ ശ്രമം നടക്കുമ്പോൾ സർക്കാരിന്റെ പ്രവർത്തനം ജനങ്ങളിലേക്ക്‌ എത്തേണ്ടത്‌ അനിവാര്യമാണ്‌. ഇതിന്‌ ചിലപ്പോൾ വാർത്താസമ്മേളനം ഉപകരിക്കും. ചില കാര്യങ്ങൾ മാധ്യമങ്ങളും നൽകില്ല. അപ്പോൾ പരസ്യം നൽകേണ്ടിവരും. യാഥാർഥ്യം ജനങ്ങളിലേക്ക്‌ എത്തിക്കാൻ ഇത്‌ ഒഴിവാക്കാനാകാത്ത കാര്യമാണെന്ന്‌ മുഖ്യമന്ത്രി ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അർപ്പണബോധത്തോടെയാണ് പൊലീസ് പ്രവർത്തിച്ചത്‌. ചില അപഭ്രംശങ്ങൾ ഉണ്ടാകുമ്പോൾ വിട്ടുവീഴ്‌ചയില്ലാതെ നടപടിയെടുക്കാൻ പൊലീസിന്‌ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News