തെരുവിൽ ഉറങ്ങുന്നവരിൽ കുറ്റവാളികളും ; നഗരത്തിൽ രാത്രിപരിശോധന ശക്തമാക്കി പൊലീസ്‌



കൊച്ചി തെരുവിലുറങ്ങുന്നവർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്‌ തടയാൻ രാത്രി പട്രോളിങ്‌ ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്‌. ചൊവ്വ രാത്രിമുതലാണ്‌ പട്രോളിങ്‌ ശക്തമാക്കിയതെന്ന്‌ കമീഷണർ എസ്‌ ശ്യാംസുന്ദർ പറഞ്ഞു. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണവും ശക്തമാക്കി. കാമറകളില്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കാൻ റസിഡന്റ്‌സ്‌ അസോസിയേഷനുകളോടും കേരള മർച്ചന്റ്‌സ്‌ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ അടക്കമുള്ള സ്ഥാപനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ടെന്ന്‌ കമീഷണർ പറഞ്ഞു. കടവരാന്തയിൽ കിടന്നുറങ്ങിയത് ചോദ്യംചെയ്തയാളെ തമിഴ്‌നാട്ടുകാരൻ മർദിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ പൊലീസ്‌ നടപടി. കലൂരിലും പരിസരത്തും അലഞ്ഞുനടക്കുന്ന തഞ്ചാവൂർ സ്വദേശി ശക്തിവേലിനെയാണ്‌ (43) എറണാകുളം നോർത്ത് പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മർദനത്തിൽ കലൂർ സ്വദേശി ജോജി ഫ്രാൻസിസിന്‌ (52) തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റിരുന്നു. കടവരാന്തയിൽ പലപ്പോഴും വിസർജ്യം കണ്ടതിനെ തുടർന്നാണ്‌ ശക്തിവേലിനെ ജോജി ഫ്രാൻസിസ്‌ എഴുന്നേൽപ്പിച്ചുവിടാൻ ശ്രമിച്ചത്‌. കടവരാന്തകളിലും മെട്രോ തൂണിനടിയിലും തങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ പലരും നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. കലൂർ ബസ് സ്റ്റാൻഡുമുതൽ ജെഎൽഎൻ സ്റ്റേഡിയംവരെ മെട്രോ തൂണിനടിയിൽ നൂറുകണക്കിനുപേർ അന്തിയുറങ്ങുന്നുണ്ട്‌. ആരും ചോദ്യംചെയ്യില്ലെന്ന ധാരണയിൽ ക്രിമിനലുകളും ഈ കൂട്ടത്തിൽ ഇടംകണ്ടെത്തുന്നുണ്ട്‌. പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ബോധം നഷ്ടപ്പെട്ട്‌ നഗ്നരായാണ്‌ പലപ്പോഴും കിടക്കുന്നത്‌. മെട്രോ തൂണുകൾക്കിടയിൽ ഏറ്റവും വിശാലമായ സ്ഥലം മാർക്ക്‌ ചെയ്ത്‌ ആവശ്യക്കാർക്ക്‌ നൽകി കാശുവാങ്ങുന്നവരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. മീഡിയനിൽ നട്ടുവളർത്തിയ ചെടികൾ കാടായതിനാൽ ഇത്തരക്കാർക്ക്‌ അത്‌ ഒളിയിടമാണ്‌. കലൂർ ലെനിൻ സെന്ററിന്‌ എതിർവശത്ത്‌ ഇത്തരത്തിൽ വളർന്ന ചെടികൾക്കും ടെലിഫോൺ ഡിപ്പാർട്ട്‌മെന്റ്‌ ബോക്സിനും പില്ലറിനുമിടയിൽ ചെറിയ ഒരു കൂരപോലെയാക്കി പൂച്ച, പ്രാവ്‌ തുടങ്ങിയ വളർത്തുമൃഗങ്ങളുമായി താമസിക്കുന്നവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌. ലക്കുകെട്ട്‌ കിടക്കുന്ന ഇവരെ റോഡിന്റെ മധ്യത്തിൽനിന്ന്‌ മാറ്റിക്കിടത്താൻ ശ്രമിക്കുമ്പോൾ പൊലീസിനുനേരെ സംഘടിത ചെറുത്തുനിൽപ്പും ഉണ്ടായിട്ടുണ്ട്‌. ഇതിൽ ചിലർ മല-മൂത്രവിസർജനം നടത്തുന്നത്‌ നഗരമധ്യത്തിൽ റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിൽത്തന്നെയാണ്‌. Read on deshabhimani.com

Related News