മിന്നൽപ്പരിശോധന ; 200 കിലോ 
ചീഞ്ഞ മീൻ പിടിച്ചു



പള്ളുരുത്തി പള്ളുരുത്തി വെളിയിലെ മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽപ്പരിശോധനയിൽ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ 200 കിലോ മീൻ പിടിച്ചു. പരാതികൾ ഉയർന്ന സാഹചര്യത്തിൽ  മൊബൈൽ ലാബിന്റെ സഹായത്തോടെയാണ് ബുധൻ പകൽ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കായി എത്തുമ്പോൾ ഒരു തട്ടിൽ മീൻ ഐസ് ഇല്ലാതെ അടുക്കിവച്ച നിലയിലായിരുന്നു. ഈ മീൻ മോശമാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമായി. പിടിച്ചെടുത്ത മീന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഴകിയ മീൻ നേരത്തേയും ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെനിന്ന് പിടിച്ചിരുന്നു. പിടിച്ചെടുത്ത മീൻ നശിപ്പിക്കാനായി ബ്രഹ്മപുരത്തേക്ക് മാറ്റി . പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് ആരോഗ്യവിഭാഗം പരിശോധനയ്ക്ക് എത്തിയത്. മീൻ സൂക്ഷിച്ചിരുന്ന ആളെ കണ്ടെത്താനായില്ല. പരിശോധന നടക്കുന്നതറിഞ്ഞ് കച്ചവടക്കാരൻ രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഏതാനും മാസംമുമ്പ്  തോപ്പുംപടി, പള്ളുരുത്തി മാർക്കറ്റുകളിൽനിന്ന് 650 കിലോയിലേറെ പഴകിയ മീൻ പിടിച്ചെടുത്തിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ആർ എസ് മധുവിന്റെ നേതൃത്വത്തിൽ  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവകുമാർ, വി എസ് അഭിലാഷ്, പി ഷാനു എന്നിവർചേർന്നാണ് മീൻ പിടിച്ചത്. വരുംദിവസങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. Read on deshabhimani.com

Related News