പുതുപ്പള്ളി മിനി സിവിൽ സ്‌റ്റേഷന് ഉമ്മൻചാണ്ടിയുടെ പേരിടും: മന്ത്രി എം ബി രാജേഷ്
പുതുപ്പള്ളി പുതുപ്പള്ളിയിലെ പുതിയ മിനി സിവിൽ സ്‌റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി എം ബി രാജേഷ്. പുതുപ്പള്ളി ഇ എം എസ് സ്മാരക പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സ്‌മാരകം ഉദ്‌ഘാടനം ചെയ്യാൻ ഉടൻതന്നെ പുതുപ്പള്ളിയിലേക്ക് എത്താനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഇ എം എസിനെ മാത്രമേ ആദരിക്കൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ല. രാഷ്‌ട്രീയത്തിൽ നേതാക്കളോട് യോജിപ്പും വിയോജിപ്പും ഉണ്ടാകാം, പക്ഷേ അവരോടുള്ള സ്നേഹത്തിനോ ആദരവിനോ ഒരു കുറവുമില്ല. പുതുപ്പള്ളിയിൽ വ്യത്യസ്ത രാഷ്ട്രീയമുണ്ടായിരുന്ന രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ സ്മാരകങ്ങൾ അടുത്തടുത്തുണ്ടായാൽ അത് കേരളത്തിന്റെ ഉന്നത ജനാധിപത്യ ബോധത്തിന്റെയും രാഷ്ട്രീയ സഹിഷ്ണുതയുടെയും ഉദാഹരണമാകും. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് ഭരിക്കുന്ന പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ അവഗണിക്കുന്നുവെന്ന വ്യാജപ്രചാരണവുമായി രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫ് ശ്രമിച്ചിരുന്നു. പഞ്ചായത്ത് കമ്യൂണിറ്റിഹാളിന്റെ ഉദ്‌ഘാടന ചടങ്ങ് ഇവർ ബഹിഷ്കരിക്കുകയും ചെയ്തു. Read on deshabhimani.com