തേങ്ങയ്‌ക്ക് പൊന്നുംവില, വെളിച്ചെണ്ണയും കുതിക്കുന്നു
കൊല്ലം ഓണത്തിനു ശേഷം തമിഴ്‌നാട്ടിൽനിന്നുള്ള തേങ്ങയ്‌ക്ക് വില ഇരട്ടിയായി. ഓണത്തിനു മുമ്പ് കിലോയ്‌ക്ക് 30 –- 35 രൂപയുണ്ടായിരുന്നത് ബുധൻ 65 –- 70 രൂപയായി ഉർന്നു. ഇതിനനുസൃതമായി വെളിച്ചെണ്ണവില 50 രൂപവരെ കൂടി. കിലോയ്‌ക്ക് 190ൽ നിന്ന് 240 രൂപവരെയായാണ് ഉയർന്നത്. തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർധനയ്‌ക്ക് പ്രധാന കാരണം. തമിഴ്‌നാട്ടിലെ കർഷകർ പൊതുവിപണിയിലേക്ക് തേങ്ങ നൽകുന്നത് കുറച്ചതോടെ മാർക്കറ്റിൽ വില ഉയർന്നു. തുടർച്ചയായി പെയ്‌ത മഴ ഉൽപ്പാദനത്തെയും ബാധിച്ചു. നാഫെഡ് കൊപ്ര സംഭരണവില കിലോയ്‌ക്ക് 90ൽ നിന്ന് 112 ആയി ഉയർത്തിയത് കേരകർഷകരെ ആകർഷിച്ചു. കഴിഞ്ഞവർഷം 60,000 ടൺ കൊപ്ര തമിഴ്‌നാട്ടിൽനിന്ന് നാഫെഡ് സംഭരിച്ചിരുന്നു. കേരളത്തിൽനിന്നുള്ള സംഭരണം 500 മെട്രിക് ടൺ മാത്രമാണ്. കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കുന്ന ചെലവ് കൂടി വരുന്നതിനാൽ ഭൂരിഭാഗം കർഷകർക്കും തേങ്ങ നേരിട്ട് നൽകാനാണ് താൽപ്പര്യം. കേരളത്തിലെ വടക്കൻ ജില്ലകളിൽനിന്ന് വാങ്ങുന്ന തേങ്ങ തമിഴ്‌നാട്ടിൽ വെളിച്ചെണ്ണയാക്കിയശേഷം ഇവിടെ വിപണിയിലെത്തിക്കുന്നവരും ധാരാളമുണ്ട്. ഇതുമൂലം കേരളത്തിലെ കർഷകർക്ക് തേങ്ങ വിലവർധനയുടെ നേട്ടം കാര്യമായി ലഭിക്കുന്നില്ല. ഒരുലിറ്റർ വെളിച്ചെണ്ണ കിട്ടാൻ ഒന്നരക്കിലോ കൊപ്ര വേണ്ടിവരും. ഓണത്തിനു മുമ്പ് ഒരു കിലോ കൊപ്രയുടെ വില 90രൂപയും നിലവിൽ 125 രൂപയുമാണ്. മാലി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്ന് നേരത്തെ കേരളത്തിലേക്കു തേങ്ങ എത്തിയിരുന്നു. അടുത്തിടെ ഇതിലും കുറവുണ്ടായി. മുല്യവർധിത ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ കൂടിയതും വിപണിയിൽ തേങ്ങവില കുതിക്കാൻ കാരണമായി. ബിസ്കറ്റ്, ഇൻസ്റ്റന്റ് തേങ്ങാപ്പാൽ എന്നിവയ്‌ക്ക് ഉൾപ്പെടെ തേങ്ങ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതോടെ പൊതുവിപണിയിലേക്കുള്ള തേങ്ങ വരവും കുറഞ്ഞു. Read on deshabhimani.com