അലക്‌സാണ്ടർ പറമ്പിത്തറ പാലം നാളെ തുറക്കും
കൊച്ചി അലക്‌സാണ്ടർ പറമ്പിത്തറ പാലം ശനിയാഴ്‌ച തുറക്കാൻ തീരുമാനം. ടാറിങ് നേരത്തേ പൂർത്തിയായിരുന്നു. എന്നാൽ, പാലം ഇറങ്ങുന്നയിടത്തെ താഴ്‌ചയുള്ള ഭാഗം ടാർ ചെയ്യാനുണ്ടായിരുന്നു. ഈ ഭാഗം നികത്തി അവിടെയും പ്രവൃത്തി പൂർത്തിയാക്കി. ഇതിനുപുറമെ കുണ്ടന്നൂർ–തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾക്കിടയിൽ ഡിബിഎം (ഡെൻസ് ബിറ്റുമെൻ മെക്കാർഡം) ചെയ്തു. ഇതോടെയാണ് ശനിയാഴ്‌ച തുറക്കാൻ തീരുമാനമായത്. കുണ്ടന്നൂർ–-തേവര പാലത്തിലെ പ്രവൃത്തി പുരോഗമിക്കുകയാണ്. നിലവിലെ ടാർ പ്രതലം നീക്കിയിരുന്നു. പ്രതലം നീക്കിയ ഇടങ്ങളിൽ മഴയെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ ഓരോ ഭാഗവും നന്നായി വൃത്തിയാക്കി അവിടെ പൂർണമായി ഉണങ്ങിയശേഷംമാത്രമേ സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യ അടിസ്ഥാനമാക്കിയുള്ള അറ്റകുറ്റപ്പണി നടത്തൂ. വെള്ളിയാഴ്‌ച നല്ല വെയിൽ ലഭിക്കുകയും മഴ മാറിനിൽക്കുകയും ചെയ്‌താൽ എസ്‌എംഎ തുടങ്ങാനാകും. അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിനേക്കാൾ കുണ്ടന്നൂർ–-തേവര പാലത്തിന് നീളം കൂടുതലാണ്. ഇക്കാരണത്താൽ പ്രവൃത്തി തീർക്കാൻ സമയമെടുക്കും. കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ് ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾ നവീകരിക്കുന്നത്. പൊട്ടിപ്പൊളിയാതിരിക്കാനും കുഴികളുണ്ടാകാതിരിക്കാനും കൂടുതൽ ഈടുനിൽക്കാനും സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യയിൽ അടിസ്ഥാനമാക്കിയാണ് ഇരുപാലങ്ങളിലും പ്രവൃത്തി നടത്തുന്നത്. എസ്‌എംഎക്കായുള്ള യന്ത്രം ഗുജറാത്തിൽനിന്നാണ് എത്തിച്ചത്. നിലവിലെ ടാറിങ് പ്രതലം അഞ്ച് സെന്റിമീറ്റർ കനത്തിൽ നീക്കും. ശേഷം കോൺക്രീറ്റുമായി കൂടിച്ചേരുന്നതിന് പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യുന്നതാണ് എസ്‌എംഎ രീതി. അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് 650 മീറ്ററും കുണ്ടന്നൂർ–-തേവര പാലത്തിന് 1720 മീറ്ററും നീളമുണ്ട്. 12.85 കോടിയാണ് കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ് ജങ്‌ഷൻവരെയുള്ള പ്രവൃത്തികൾക്ക് പൊതുമരാമത്തുവകുപ്പ് അനുവദിച്ചത്. സംസ്ഥാന ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. വികെജെ ഇൻഫ്രാസ്‌ട്രക്‌ചറിനാണ് കരാർ. Read on deshabhimani.com