തോൽപ്പിക്കൽ കേരള സർക്കാരിന്റെ നയമല്ല : വി ശിവൻകുട്ടി
തിരുവനന്തപുരം 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്ന് മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് മന്ത്രി വി ശിവൻകുട്ടി. അഞ്ചിലും എട്ടിലും പൊതുപരീക്ഷകളിൽ കുട്ടികളെ പരാജയപ്പെടുത്തുക എന്ന 2020ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന അജൻഡ സംസ്ഥാന സർക്കാർ നയമല്ല. മറിച്ച് പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന തരത്തിൽ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. സർക്കാർ ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും കഴിഞ്ഞ അർധവാർഷിക പരീക്ഷ മുതൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എട്ട്, ഒമ്പത്, 10 ക്ലാസുകളിലും നിശ്ചിത ശേഷികൾ നേടാത്തവർക്കായി പ്രത്യേക പഠനപിന്തുണ പരിപാടി സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്നുമുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചകൾക്ക് ഒരുക്കമല്ല. കുട്ടികളെ തോൽപ്പിക്കുക എന്നത് സർക്കാർനയവുമല്ല. എല്ലാവിഭാഗം കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ് കേരള സർക്കാരിന്റേത്. ഒരു വിഭാഗം വിദ്യാർഥികളെ അരിച്ചു കളയുന്ന രീതിക്കെതിരെ എന്നും കേരളം മുന്നിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ക്രിസ്‌മസ് തടസപ്പെടുത്താൻ അനുവദിക്കില്ല സ്‌കൂളിലെ ക്രിസ്‌മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞദിവസമുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ കേരളത്തിന്റെ മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണ്. മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ് കേരളം. അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. എല്ലാവിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ മുന്നിൽതന്നെ ഉണ്ടാകും–- മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com