നാല്‌ ആശുപത്രികള്‍ക്കുകൂടി 
ദേശീയ ഗുണനിലവാര അംഗീകാരം

പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം


തിരുവനന്തപുരം സംസ്ഥാനത്തെ നാല്‌ ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. മൂന്ന്‌ ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുനഃഅംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60 ശതമാനവും പാലക്കാട് ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം 90.15 ശതമാനവും വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70 ശതമാനവും സ്‌കോർ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കാസർഗോഡ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം 95.18 ശതമാനം സ്‌കോർ നേടിയാണ് വീണ്ടും അംഗീകാരം നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ 193 ആശുപത്രികൾ എൻക്യുഎഎസ് അംഗീകാരവും 83 എണ്ണം പുനഃഅംഗീകാരവും നേടിയെടുത്തു. അഞ്ച്‌ ജില്ലാ ആശുപത്രികൾ, നാല്‌ താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 132 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. അംഗീകാരത്തിന് മൂന്നുവർഷ കാലാവധിയാണുളളത്. മൂന്ന്‌ വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട്‌ ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. Read on deshabhimani.com

Related News