മണ്ഡലകാലം വിജയകരം, സർക്കാർ ഇടപെടലിന് നൂറ് മാർക്ക്
ശബരിമല സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ മുന്നൊരുക്കങ്ങൾ മണ്ഡലകാലത്തെ പരാതിരഹിതമാക്കി. സുഖകരമായി ദർശനം നടത്തി പൂർണതൃപ്‌തിയോടെയാണ് തീർഥാടകർ മടങ്ങുന്നത്. പതിനെട്ടാംപടിയിൽ മിനിറ്റിൽ 80 മുതൽ 100 പേരെവീതം കയറ്റിവിടാനായി. തീർഥാടകർക്ക് ശുദ്ധജലം, നല്ല ഭക്ഷണം, വൃത്തിയുള്ള ശൗചാലയങ്ങൾ, വൈദ്യസഹായം, വിവേചനംകൂടാതെയുള്ള ദർശന സൗകര്യം എന്നിവ ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് ശ്രദ്ധചെലുത്തിയിരുന്നു. മന്ത്രി വി എൻ വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തി. വെർച്വൽ ക്യൂവും സ്‌പോട്ട് ബുക്കിങ്ങും ഏർപ്പെടുത്തിയതോടെയാണ് തീർഥാടകരുടെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാനായത്. തിങ്കൾ വരെയുള്ള കണക്കനുസരിച്ച് 24,98,470 പേർ വെർച്വൽ ക്യൂ വഴിയും 5,33,929 പേർ സ്‌പോട്ട് ബുക്കിങ് വഴിയും ദർശനം നടത്തി. വകുപ്പുകളുടെ ഏകോപനം നിർണായകമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ നടത്തിയ മുന്നൊരുക്കമാണ് മണ്ഡലകാലം വിജയകരമാക്കിയത്. സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും തമ്മിലുള്ള ബന്ധവും നിർണായകമായി. എഡിഎം ഡോ. അരുൺ എസ് നായർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.മണ്ഡലകാലം തുടങ്ങിയതുമുതൽ പൊലീസിന്റെ നാല് ബാച്ചുകളിലായി 6000 ഓളം പേരാണ് സേവനത്തിനുണ്ടായിരുന്നത്. പമ്പയിലും നിലയ്‌ക്കലിലും ഇടത്താവളങ്ങളിലുമായി പതിനായിരക്കണക്കിന് പൊലീസുകാരെയും വിന്യസിച്ചു. ശബരിമലയിൽ 258 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. തിങ്കൾ വരെ 1,36,009 പേർ നടന്നെത്തി. കെഎസ്‌ആർടിസിയും മികച്ച യാത്രാസൗകര്യമൊരുക്കി. പമ്പ ഡിപ്പോയ്‌ക്ക് 200 ബസുള്ളതിൽ 147 എണ്ണം നിലയ്‌ക്കൽ–-പമ്പ 24 മണിക്കൂർ സർവീസിന് ഉപയോഗിക്കുന്നു. ശുചിത്വം–- ആരോഗ്യം പ്രധാനം ശുചിത്വമിഷന്റെ ഉൾപ്പെടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തി. പമ്പയിൽ 3.5 എംഎൽഡി ശേഷിയുള്ള മാലിന്യപ്ലാന്റ് പ്രവർത്തിക്കുന്നു. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ കൺട്രോൾ റൂം ഉൾപ്പെടെ സാധ്യമാക്കി. ശബരിമലയിൽ 2288 ശുചിമുറികൾ സജ്ജമാക്കി. പവിത്രം ശബരിമല പദ്ധതിയും വിശുദ്ധിസേനയുടെ സേവനവും നടപ്പാക്കി. Read on deshabhimani.com