‘പാലാരിവട്ടം’ ഓർമിപ്പിച്ച്‌ 
വൈറ്റില ‘പഞ്ചവടി ഫ്ലാറ്റ്‌’ ; ഭീതിയിൽ ഇരുനൂറോളം സൈനികകുടുംബങ്ങൾ



കൊച്ചി പഴയ പാലാരിവട്ടം മേൽപ്പാലത്തിനുണ്ടായതുപോലുള്ള ഗുരുതര നിർമാണപ്പിഴവുകളോടെ നിലംപൊത്താൻ നിമിഷങ്ങളെണ്ണി വൈറ്റിലയിൽ സൈനികരുടെ കൂറ്റൻ ഭവനസമുച്ചയം. മൊബിലിറ്റി ഹബ്ബിനുപിന്നിലെ ചതുപ്പുപ്രദേശത്തോട്‌ ചേർന്നുള്ള സിൽവർ സാൻഡ്‌ ഐലൻഡിൽ 200 കുടുംബങ്ങൾ താമസിക്കുന്ന മൂന്ന്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങളിൽ രണ്ടെണ്ണമാണ്‌ തകർച്ചാഭീഷണി നേരിടുന്നത്‌. അംഗീകൃത ഡിസൈനിൽ മാറ്റംവരുത്തിയതുമുതൽ നിലവാരമില്ലാത്ത നിർമാണസാമഗ്രികൾ ഉപയോഗിച്ചതുവരെയുള്ള കാരണങ്ങളാലാണ്‌ ഫ്ലാറ്റ്‌ തകർന്നതെന്നാണ്‌ കണ്ടെത്തൽ. നിർമാണം പൂർത്തിയായി ഒരുവർഷത്തിനുള്ളിൽത്തന്നെ ഫ്ലാറ്റുകൾ തകർച്ച നേരിടാൻ തുടങ്ങി. മൂന്നു ടവറുകളിൽ 28 നില വീതമുള്ള രണ്ടെണ്ണത്തിനാണ്‌ തകരാറ്‌ കണ്ടെത്തിയിട്ടുള്ളത്‌. മുൻ സൈനികരോ അവരുടെ ആശ്രിതരോ ആണ്‌ താമസക്കാർ. 2018ലാണ്‌ ഫ്ലാറ്റുകൾ കൈമാറിയത്‌. ബേസ്‌മെന്റിൽ തൂണുകളിൽനിന്നും മച്ചിൽനിന്നും സിമന്റ്‌ പാളികളായി അടർന്നുവീണാണ്‌ തുടക്കം. പതിയെ മുകൾനിലകളിലും വിള്ളലും വാർക്ക പൊട്ടിവീഴലും തുടങ്ങി. സിമന്റ്‌ അടർന്നുവീണിടത്തെല്ലാം തുരുമ്പെടുത്ത കമ്പികൾ ദൃശ്യമായതോടെ താമസക്കാർ പരാതിപ്പെട്ടു.   ഉന്നത സൈനികമേധാവികളുടെ മേൽനോട്ടത്തിൽ സൊസൈറ്റീസ്‌ നിയമപ്രകാരം പ്രവർത്തിക്കുന്ന ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനാണ്‌ (എഡബ്ല്യുഎച്ച്‌ഒ) പ്രമുഖ സ്ഥാപനത്തിന്‌ കരാർ നൽകി ടവറുകൾ നിർമിച്ചത്‌. കരാർവ്യവസ്ഥപ്രകാരം കരാറുകാർതന്നെ ചില അറ്റകുറ്റപ്പണി ചെയ്‌തെങ്കിലും ഫലംകണ്ടില്ല. കോൺക്രീറ്റ്‌ പൊളിഞ്ഞുവീഴൽ രൂക്ഷമായതോടെ ബ്യൂറോ വേരിറ്റാസ്‌ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡിനെ (ബിവിഐഎൽ) സാങ്കേതികപരിശോധനയ്‌ക്ക്‌ നിയോഗിച്ചു. 2021ൽ ഇവർ സമർപ്പിച്ച പരിശോധനാ റിപ്പോർട്ട്‌ ഞെട്ടിക്കുന്നതാണ്‌. വാർക്കാൻ ഉപയോഗിച്ച കമ്പി തുരുമ്പെടുത്ത്‌ കോൺക്രീറ്റിന്‌ ഗുരുതര ബലക്ഷയമുണ്ടായി എന്നാണ്‌ പ്രധാന കണ്ടെത്തൽ. തൂണുകൾക്കും സ്ലാബുകൾക്കുമുണ്ടായ ബലക്ഷയം കെട്ടിടത്തിന്റെ ആയുസ്സിന്‌ ഭീഷണിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. നിർമാണത്തിന്‌ ഉപ്പ്‌ (ക്ലോറൈഡ്‌) കലർന്ന വെള്ളമുപയോഗിച്ചതും സിമന്റ്‌ ഉൾപ്പെടെ സാധനങ്ങളുടെ നിലവാരം ഉറപ്പാക്കാതിരുന്നതും തകർച്ചയ്‌ക്ക്‌ കാരണമായി. 2022ൽ തിരുവനന്തപുരം എൻജിനിയറിങ് കോളേജും വിശദമായ പരിശോധന നടത്തി. അറ്റകുറ്റപ്പണിയിലൂടെ ഫ്ലാറ്റിന്റെ ആയുസ്സ്‌ വീണ്ടെടുക്കാനാകില്ലെന്നും എല്ലാ താമസക്കാരെയും ഒഴിപ്പിച്ച്‌ അടിമുടി പൊളിച്ചുപണിയണമെന്നും അവർ നിർദേശിച്ചു. ഫ്ലാറ്റിന് 8–-10 വർഷത്തിലധികം ആയുസ്സില്ലെന്നാണ്‌ ഏറ്റവും ഒടുവിൽ ഈ വർഷമാദ്യം ബിവിഐഎൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്‌. സ്ഥിതിഗതി ഗുരുതരമായിട്ടും പ്രശ്‌നം പരിഹാരമില്ലാതെ നീളുന്നതിൽ ഫ്ലാറ്റിലെ താമസക്കാർ പ്രതിഷേധത്തിലും ആശങ്കയിലുമാണ്‌. 300 കോടിയോളം രൂപ ചെലവിട്ട ടവറുകളിലെ ഫ്ലാറ്റ്‌ ഒന്നിന്‌ 75 ലക്ഷം വരെയായിരുന്നു വില. തീരപരിപാലന നിയമപ്രകാരമുള്ള കുരുക്കുകൾ തുടക്കംമുതൽ തലവേദനയായിരുന്നു. അത്‌ ഇനിയും പരിഹരിക്കാനിരിക്കെയാണ്‌ ഫ്ലാറ്റുതന്നെ തകർച്ചയിലായത്‌. പലരും ഫ്ലാറ്റ്‌ ഉപേക്ഷിച്ച്‌ മറ്റിടങ്ങളിലേക്ക്‌ താമസം മാറ്റാനുള്ള ശ്രമത്തിലാണ്‌. കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട്‌ ഏതാനും താമസക്കാർ കോടതിയെയും സമീപിച്ചിട്ടുണ്ട്‌.   അറ്റകുറ്റപ്പണി നടത്തിയാലും 
ഗുണമുണ്ടാകില്ല കോടികൾ മുടക്കി അറ്റകുറ്റപ്പണി ചെയ്‌താലും ഇരട്ട ടവറുകളുടെ ആയുസ്സ്‌ നീട്ടാനാകില്ലെന്നാണ്‌ വിദഗ്‌ധപഠനങ്ങൾ വ്യക്തമാക്കുന്നത്‌. ആഴത്തിലാണ്‌ കേടുപാട്‌. ബലപ്പെടുത്തലും അഴിച്ചുപണിയുമാണ്‌ നിർദേശിച്ചിട്ടുള്ളത്‌. ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും വേണം. 30 കോടി രൂപ ചെലവ്‌ കണക്കാക്കിയെങ്കിലും തുക ഇനിയും ഉയരാം. ഗതാഗതത്തിന്‌ തുറന്നതിനുപിന്നാലെ തകർന്ന പാലാരിവട്ടം പാലം ഡിഎംആർസിയുടെ മേൽനോട്ടത്തിലാണ്‌ പുനർനിർമിച്ചത്‌. 23 കോടി രൂപയോളം ചെലവഴിച്ചുള്ള പുനർനിർമാണത്തിന്‌ ആറുമാസമെടുത്തു. പരിശോധനയില്ലാത്തത്‌ ഞെട്ടിച്ചു ടവറുകളുടെ നിർമാണസമയത്ത്‌ സിമന്റും കമ്പിയും മണലും ഉൾപ്പെടെ നിർമാണസാമഗ്രികളുടെ നിലവാരപരിശോധന നടന്നിട്ടില്ല. അത്തരം പരിശോധന നടത്തിയതിന്റെ ഒരു രേഖയുമില്ല. തിരുവനന്തപുരം എൻജിനിയറിങ് കോളേജ്‌ നടത്തിയ പരിശോധനാ റിപ്പോർട്ടിലാണ്‌ ഈ വിവരമുള്ളത്‌. പേരിനുപോലും ഗുണപരിശോധന ഉണ്ടായില്ലെന്നത്‌ ഞെട്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തകരാറുള്ള രണ്ടു ടവറുകളുടെയും രൂപകൽപ്പന ഒന്നാണെങ്കിലും നിർമാണഘട്ടത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. അത്‌ എന്തിനാണെന്ന്‌ വ്യക്തമാക്കിയിട്ടില്ല. അംഗീകരിച്ച ഡിസൈനിൽനിന്ന്‌ വ്യത്യസ്‌തമായി തൂണുകളുടെ സ്ഥാനംമാറ്റുകയും ചിലത്‌ ഉപേക്ഷിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. Read on deshabhimani.com

Related News