മത്സ്യോത്സവം തുടങ്ങി



കൊച്ചി > എറണാകുളം മറൈന്‍ഡ്രൈവില്‍ ആരംഭിച്ച മത്സ്യോത്സവവും മത്സ്യ അദാലത്തും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായി. ഇ-സമുദ്ര മൊബൈല്‍ അപ്ളിക്കേഷന്റെ പ്രകാശനവും മത്സ്യത്തൊഴിലാളികള്‍ക്കായുള്ള വിവിധ ധനസഹായവിതരണവും മന്ത്രി നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളിക്കൂട്ടായ്മ എസ് ശര്‍മ എംഎല്‍എ ഉദ്ഘാടനംചെയ്തു. കെ ജെ മാക്സി എംഎല്‍എ, ഫിഷറീസ് ഡയറക്ടര്‍ എസ് കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടര്‍ രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  തുടര്‍ന്ന് നടന്ന സെമിനാറില്‍ പ്രൊഫ. കെ എസ് പുരുഷന്‍ മുഖ്യപ്രഭാഷണം നടത്തി. മത്സ്യോത്സവത്തോടനുബന്ധിച്ച് മറൈന്‍ഡ്രൈവില്‍ നൂതന മത്സ്യക്കൃഷി രീതി സാധ്യതകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഫിഷറീസ് മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട,് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സിഫ്നെറ്റ്, എംപിഇഡിഎ എന്നിവ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.  അക്വാപോണിക്സ്, സംയോജിത മത്സ്യക്കൃഷി തുടങ്ങിയവയുടെ വിശദീകരണം, നാടന്‍ മത്സ്യബന്ധനോപാധികളായ കൂട്, ഒറ്റാല്‍, മത്സ്യ ഇനങ്ങളായ വനാമി ചെമ്മീന്‍, കണ്ടല്‍ ഞണ്ട്, ഗിഫ്റ്റ് തിലോപിയ തുടങ്ങിയവയുടെ പ്രദര്‍ശനമുണ്ട്്. വിവിധ മത്സ്യവിഭവങ്ങളും ഒരുക്കിയിരിക്കുന്നു. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ - വീഡിയോ പ്രദര്‍ശനവുമുണ്ട്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. വ്യാഴാഴ്ച സമാപിക്കും. Read on deshabhimani.com

Related News