പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കണ്ണൂർ> പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസ് കുറ്റപത്രം നൽകിയ മൂന്ന് കേസുകളും തുടർ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. കേസിലെ പ്രതി സൗമ്യ കസ്‌റ്റഡിയിൽ ആത്‌മഹത്യ ചെയ്‌ത കേസും അന്വേഷണ പരിധിയിൽ വരും. കൊലപാതകങ്ങൾക്ക് പിന്നിൽ മറ്റൊരാളാണെന്ന് സൗമ്യ ആത്‌മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് ചുമതല. സൗമ്യയുടെ മകൾ ഐശ്വര്യ(9), അച്‌ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കമല എന്നിവരാണ് ആഴ്‌ചകളുടെ വ്യത്യാസത്തിൽ മരിച്ചത്. ഇവരെ സൗമ്യ എലിവിഷം നൽകി കൊന്നതാണെന്നാണ് പൊലീസ് കേസ്. കാമുകനൊപ്പം ജീവിക്കാൻ തടസ്സമായതിനാലാണ് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. സൗമ്യയുടെ ആത്‌മഹത്യക്ക് ശേഷം അവരുടെ കുടുംബമാണ് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തുടക്കം മുതൽ അന്വേഷിക്കും. Read on deshabhimani.com