ജനറൽ ആശുപത്രിയിൽ 2 കോടിയുടെ പദ്ധതികൾ ഉടൻ
കൊച്ചി എറണാകുളം ഗവ. ജനറൽ ആശുപത്രിയിൽ റോട്ടറി ഫൗണ്ടേഷൻ നടപ്പാക്കുന്ന രണ്ടുകോടി രൂപയുടെ വികസനപദ്ധതികളുടെ പ്രഖ്യാപനം റോട്ടറി ഫൗണ്ടേഷൻ വേൾഡ് ചെയർമാൻ മാർക്ക് മലോനി നിർവഹിച്ചു. ഹോട്ടൽ ലെ മെറിഡിയനിൽ സംഘടിപ്പിച്ച റോട്ടറി ഫൗണ്ടേഷൻ മൾട്ടി ഡിസ്ട്രിക്ട് പ്രഖ്യാപന കോൺക്ലേവ് മാർക്ക് മലോനിയും ഭാര്യ ഗേ മലോനിയും ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സെൻട്രലും റോട്ടറി ക്ലബ് കൊച്ചിൻ ടൈറ്റൻസും ചേർന്ന് 1.3 കോടി രൂപയുടെ ആദ്യ മൂന്നു പദ്ധതികൾ നിർവഹിക്കും. ഡയാലിസിസിന്റെ 16 അത്യാധുനിക മെഷീനുകളും 18 കിടക്കകളും 16 മൾട്ടി -പാരാ മോണിറ്ററുകളും ഉൾപ്പെടുന്നതാണ് പദ്ധതികൾ. വൃക്കരോഗികളുടെ ചികിത്സയ്ക്കായി റോട്ടറി ഡയാലിസിസ് വാർഡ് എന്ന പേരിൽ രണ്ടാംനിലയിൽ സൗകര്യങ്ങൾ ലഭ്യമാക്കും. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോസഫ് വാചാപറമ്പിൽ, അനിൽ വർമ, ഡോ. സി എം രാധാകൃഷ്ണൻ തുടങ്ങിയവരുടെ സഹായം ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ജനറൽ ആശുപത്രിയിലെ കാർഡിയോ വാസ്‌കുലർ തൊറാസിക് സർജറി വിഭാഗത്തിന് അത്യാധുനിക ഉപകരണങ്ങൾ നൽകുന്നതിനായി റോട്ടറി ഫൗണ്ടേഷന്റെ നാലാമത്തെ ആഗോള ഗ്രാന്റ് ലഭ്യമാക്കും. ഹൃദയം തുറന്നുള്ള ചികിത്സ, വാൽവുചികിത്സകൾ, ജന്മനായുള്ള ഹൃദയത്തകരാറ് ശസ്ത്രക്രിയകൾ എന്നിവ ഉൾപ്പെടെ കൂടുതൽ സങ്കീർണമായ ചികിത്സകൾക്ക് പുതുതായി ഒരുക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ സഹായിക്കും. Read on deshabhimani.com