വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തെ ലഹരി വിൽപ്പനയുടെ വിവരം അറിയിക്കണം : സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം



കൊച്ചി സംസ്ഥാനത്ത് ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്താണ് നിരോധിത ലഹരിമരുന്നുകളുടെ വിൽപ്പനയുള്ളതെന്ന് അറിയിക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. വിവരങ്ങൾ ലഭ്യമായാലുടൻ ഉചിതമായ മാർഗനിർദേശങ്ങളിറക്കുമെന്ന് ചീഫ്ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മയക്കുമരുന്നുപയോഗം വ്യക്തികൾക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എൻ രാമചന്ദ്രൻ എഴുതിയ കത്തും ‘മയക്കുമരുന്ന് വിപത്തിനെ ഒന്നിച്ച് ചെറുക്കാം' മാർച്ച് 21ലെ ദേശാഭിമാനിയുടെ എഡിറ്റോറിയലും പരിഗണിച്ച് സ്വമേധയാ എടുത്ത പൊതുതാൽപ്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ലഹരി മരുന്നുപയോഗം തിരിച്ചറിയാൻ സഹായിക്കുന്ന 10 ഏബൺ കിറ്റുകൾ കൊച്ചി നാർക്കോട്ടിക് സെൽ എസിപിക്കും 15 എണ്ണം തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിപിക്കും നൽകിയതായി സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു. കിറ്റുമായി കോടതിയിലെത്തിയ പ്ലീഡർ പ്രവർത്തനരീതി കോടതിയെ നേരിട്ടു ബോധിപ്പിച്ചു. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ സഹകരണത്തോടെ വിവിധതരം മയക്കുമരുന്നുകൾക്ക് അടിമയായവരിൽ കിറ്റ് പരിശോധിച്ചു. എംഡിഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ, കഞ്ചാവ്, നൈട്രോസെപാം ഗുളിക തുടങ്ങിയവ ഉപയോഗിച്ചത് കണ്ടെത്താനായി. തിരുവനന്തപുരത്ത് ഒമ്പത്‌ പരിശോധനകളിൽ ഫലം കണ്ടു. ലഹരിമരുന്നുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ 2016 മുതൽ ഇതുവരെ മൊത്തം 35,360 പേർ പ്രതികളായെന്നും സുമൻ ചക്രവർത്തി വ്യക്തമാക്കി. ലഹരിമരുന്ന്‌ തടയുന്ന നടപടികളാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. വിൽപ്പനക്കാരെ പിന്തുടർന്ന് പിടിക്കണം. മദ്യത്തിനെതിരെ നടത്തുന്നതുപോലുള്ള ബോധവൽക്കരണം മയക്കുമരുന്നിന്റെ കാര്യത്തിൽ ഫലപ്രദമാകില്ല. കുട്ടികളുടെയും കോളേജ് വിദ്യാർഥികളുടെയും കാര്യത്തിൽ കോടതിക്ക്‌ ആശങ്കയുണ്ട്. സ്കൂളുകളിൽ എസ്‌പിസി ലഹരിമരുന്നുകൾക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും സ്കൂളുകൾക്ക് പുറത്ത് ഷാഡോ പൊലീസുണ്ടെന്നും സർക്കാർ അറിയിച്ചു. ക്രിമിനൽ കേസുകളുടെ നടത്തിപ്പ് എങ്ങനെയുണ്ടെന്ന് കോടതി ചോദിച്ചു. പ്രതികൾക്ക് എളുപ്പം ജാമ്യം ലഭിക്കുന്നുണ്ടോ, എത്രയാണ് ശിക്ഷാശതമാനം, ലഹരിമരുന്നുകളുടെ ഉത്ഭവവും വിതരണ ശൃംഖലകളും, കോളേജുകളിലെ ഉപയോഗം സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും കോടതി ചോദിച്ചു. ഊ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകാമെന്ന് സർക്കാരും, ഇത് ലഭിച്ചാലുടൻ ഉചിതമായ മാർഗനിർദേശങ്ങളിറക്കുമെന്ന് കോടതിയും വ്യക്തമാക്കി. കേസ് ഡിസംബർ എട്ടിന് വീണ്ടും പരിഗണിക്കും. Read on deshabhimani.com

Related News