സി കെ പി പത്മനാഭന്റെ ഒഴിവാകൽ ; വാർത്തകൾ കെട്ടിച്ചമച്ചത്‌: സിപിഐ എം



മാടായി (കണ്ണൂർ) സിപിഐ എം മാടായി ഏരിയാ കമ്മിറ്റിയിൽനിന്ന് സി കെ പി പത്മനാഭൻ ഒഴിവായതുസംബന്ധിച്ച് മലയാള മനോരമ ഉൾപ്പെടെയുള്ള  മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വാർത്തയാണ്‌ കെട്ടിച്ചമച്ചതെന്ന്‌ ഏരിയാ സെക്രട്ടറി വി വിനോദ്‌ പ്രസ്‌താവനയിൽ അറിയിച്ചു. 23, 24 തീയതികളിൽ ചേർന്ന സമ്മേളനത്തിൽ, നിലവിലുണ്ടായിരുന്ന ഏരിയാ കമ്മിറ്റിയിൽനിന്ന് നാലുപേർ ഒഴിയുകയും മൂന്നുപേർ പുതുതായി വരികയും ചെയ്തു. സി കെ പി പത്മനാഭനും പി പി ദാമോദരനും ഒഴിവായത് പ്രായപരിധിമാനദണ്ഡം അനുസരിച്ചാണ്. സി കെ പിയും പി  പി ദാമോദരനുംകൂടി അംഗീകരിച്ച തീരുമാനമാണിത്. ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവായവരുടെ ഘടകം തീരുമാനിക്കുന്നത് അടുത്ത ഏരിയാ കമ്മിറ്റി യോഗമാണെന്നിരിക്കെ, സി കെ പി ഇനി "വെറും പാർടി അംഗം മാത്രം’ എന്നതും വസ്തുതാപരമല്ല. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് സി കെ പിയോടോ, പാർടി നേതൃത്വത്തോടോ അന്വേഷിക്കാനുള്ള മാധ്യമ മര്യാദയും കാണിച്ചില്ല. തെറ്റായ വാർത്ത ബന്ധപ്പെട്ട മാധ്യമങ്ങൾ പിൻവലിക്കണം. ഇത്തരം നുണപ്രചാരണം ജനങ്ങൾ തള്ളിക്കളയുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. മാടായി ഏരിയാ കമ്മിറ്റിയിൽനിന്ന്‌ ഒഴിവായതുസംബന്ധിച്ച്‌ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം ശരിയല്ലെന്ന്‌ സി കെ പി പത്‌മനാഭൻ ‘ദേശാഭിമാനി’യോട്‌  പ്രതികരിച്ചു. Read on deshabhimani.com

Related News