വിചാരണക്കോടതികൾ നിർദേശം പാലിക്കണം: ഹൈക്കോടതി
കൊച്ചി കേസുകളിലെ സ്റ്റേ ഉത്തരവ് സംബന്ധിച്ച് പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിചാരണക്കോടതികളോട് ഹൈക്കോടതി. ഹെെക്കോടതിയുടെ സ്റ്റേ ഉണ്ടെന്ന് അറിയിച്ചാൽ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാനോ കക്ഷികൾക്ക് നിർദേശം നൽകണം. ഇതിനുശേഷമേ കേസ് മാറ്റിവയ്ക്കുന്നത് ഉൾപ്പെടെ തീരുമാനിക്കാവൂ എന്നായിരുന്നു സെപ്‌തംബർ 23ലെ ഉത്തരവ്. ഇതിന് വിരുദ്ധമായി വിചാരണക്കോടതികൾ പ്രവർത്തിച്ചാൽ ഗൗരവമായി കാണുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഹൈക്കോടതിയുടെ സ്റ്റേ ഇല്ലെങ്കിലും സ്റ്റേയുണ്ടെന്ന് കക്ഷികൾ വാക്കാൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ വിചാരണക്കോടതികൾ വർഷങ്ങളോളം നീട്ടിവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഹെെക്കോടതി ഉത്തരവ് നൽകിയത്. സെപ്‌തംബർ 28നും ഒക്ടോബർ 19നും പരിഗണനയ്ക്കുവന്ന കേസുകളിൽ, സ്റ്റേയുണ്ടെന്ന വാക്കാലുള്ള അറിയിപ്പിൽ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് മാറ്റിവച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്. 2019 മാർച്ച് 14ന് ഹൈക്കോടതി 10 ദിവസത്തേക്കുമാത്രം തുടർനടപടികൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിട്ട കേസിലാണ് നടപടി. നവംബർ 13 വരെ ഈ കേസ് ഹൈക്കോടതി പരിഗണിച്ചില്ല. എന്നിട്ടും കക്ഷികളിൽനിന്നുള്ള സത്യവാങ്മൂലമില്ലാതെ മജിസ്ട്രേട്ട് കോടതി എന്തുകൊണ്ടാണ് കേസ് മാറ്റിവച്ചതെന്നും ഹൈക്കോടതി ചോദിച്ചു. വീഴ്ച സംഭവിച്ചതിൽ മജിസ്ട്രേട്ടിൽനിന്ന് റിപ്പോർട്ട് വാങ്ങാൻ ജില്ലാ രജിസ്ട്രാറോട് നിർദേശിച്ചു. കാഞ്ഞങ്ങാട് റബേഴ്സ് ലിമിറ്റഡ് നൽകിയ കേസ് നാലുമാസത്തിനുള്ളിൽ തീർപ്പാക്കാനും നിർദേശിച്ചു. Read on deshabhimani.com