"പീഡനവിവരം അറിഞ്ഞാൽ ആര് വിവാഹം ചെയ്യും ?’ ചോദ്യവുമായി സുപ്രീംകോടതി
ന്യൂഡൽഹി പീഡനവിവരം അറിഞ്ഞാൽ പരാതിക്കാരിയായ കുട്ടിയെ ആര് വിവാഹം കഴിക്കുമെന്ന ചോദ്യവുമായി സുപ്രീംകോടതി. പീഡനക്കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി നൽകിയ അപ്പീൽ തള്ളിയാണ് ജസ്‌റ്റിസുമാരായ ബി വി നാഗരത്ന, എൻ കോടിശ്വർസിങ് എന്നിവരുടെ ബെഞ്ചിന്റെ പ്രതികരണം. അഞ്ചുവയസ്സായിരുന്നപ്പോൾ അമ്മാവൻ തന്നെ പീഡിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടി 17 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസ് ഹൈക്കോടതി തള്ളിയിരുന്നു. പരാതി നൽകാൻ വലിയ കാലതാമസമുണ്ടായെന്ന് പറഞ്ഞായിരുന്നിത്. ഹൈക്കോടതി വിധിക്കെതിരെ പെൺകുട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, അപ്പീൽ തള്ളിയ സുപ്രീംകോടതി, പീഡനവിവരം പുറത്തായാൽ കുട്ടിയെ ആര് വിവാഹം ചെയ്യുമെന്ന് പരാതിക്കാരിയോട് ചോദിച്ചു. പെൺകുട്ടിയുടെ ഭാവി കൂടി കണക്കിലെടുത്ത് വിഷയത്തിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. പരാതിക്കാരിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ് ഹാജരായി. Read on deshabhimani.com