പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ



പിറവം പാലത്തിൽനിന്ന് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥിനിയെ ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷിച്ചു. തിങ്കൾ വൈകിട്ട് നാലോടെ പിറവം പാലത്തിലെ നടപ്പാതയിൽനിന്നാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്. ഡിവൈഎഫ്‌ഐ പിറവം വില്ലേജ് സെക്രട്ടറിയും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ ആർ കെ അമൽ, മേഖലാ കമ്മിറ്റി അംഗങ്ങളായ മനു ടി ബേബി, എൽദോസ് ബെന്നി എന്നിവർ ചേർന്നാണ് പെൺകുട്ടിയെ രക്ഷിച്ചത്‌. കുത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലായിരുന്നു മൂവരും. കോളേജ് യൂണിഫോമിൽ നടന്നുപോയ പെൺകുട്ടി ചെരുപ്പ് ഊരിയിട്ടശേഷം അമ്പലത്തിന്റെ ഭാഗത്തുനിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ അമൽ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി. പിന്നാലെ മനുവും ചാടി. ഇരുവരും ചേർന്ന് പെൺകുട്ടിയെ മുങ്ങിയെടുത്തപ്പോഴേക്കും കുട്ടികളുടെ പാർക്കിനുസമീപമുള്ള കടവിലേക്ക് എൽദോ ഓടിയെത്തി പുഴയിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ മൂവരേയും വലിച്ചുകയറ്റുകയായിരുന്നു. ബോധമില്ലാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി. പ്രഥമശുശ്രൂഷ നൽകി പിറവത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്‌ധചികിത്സയ്‌ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കാലിന് പരിക്കേറ്റ അമൽ, മനു, എൽദോ എന്നിവരും പിറവത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. Read on deshabhimani.com

Related News