കെ സുധാകരന്റേത്‌ 12,000 
ചതുരശ്രയടിയുടെ സൗധം ; നിർമാണച്ചെലവ്‌ 4 കോടിയിലേറെ



കണ്ണൂർ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ വീട്‌ പന്ത്രണ്ടായിരം ചതുരശ്ര അടിയിലേറെ വലുപ്പമുള്ള മഹാസൗധം. കോർപ്പറേഷനിലും റവന്യൂവകുപ്പിലും നൽകിയ കണക്കിൽ ഈ വീടിനുപുറമെ, 200 ചതുരശ്രയടിയിലേറെ വലുപ്പമുള്ള രണ്ട്‌ ഔട്ട്‌ഹൗസുമുണ്ട്‌. കോർപ്പറേഷനിൽനിന്ന്‌ അനുമതിപോലും വാങ്ങാതെ നിർമിച്ച വീടിന്‌ നിയമപരമായ നടപടിക്രമം പൂർത്തിയാക്കിയത്‌ 2021 ജൂലൈയിൽ കെപിസിസി പ്രസിഡന്റാകുന്നതിന്‌ തൊട്ടുമുമ്പ്‌. കണ്ണൂർ കോർപ്പറേഷൻ എടക്കാട്‌ സോണലിൽ നടാൽ ആലിങ്കീഴിലാണ്‌ 12,247 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്‌. ഔട്ട്‌ഹൗസുകൾ ഉൾപ്പെടെ 12,647 ചതുരശ്ര അടി. നിർമാണച്ചെലവ്‌ ചതുരശ്രയടിക്ക്‌ 2,000 രൂപ വീതം കണക്കാക്കിയാൽപോലും രണ്ടരക്കോടിയിലേറെവരും.  ഈ സൗധത്തിന്‌ ഉപയോഗിച്ചതാകട്ടെ വിലകൂടിയ മാർബിളും തേക്ക്‌ ഉൾപ്പെടെയുള്ള തടികളും. ഇത്തരം വീട്‌ നിർമിക്കാൻ ചതുരശ്രയടിക്ക്‌ 3,000 രൂപയെങ്കിലും വേണ്ടിവരുമെന്ന്‌ നിർമാണമേഖലയിലെ വിദഗ്‌ധർ പറയുന്നു. അങ്ങനെ കണക്കാക്കുമ്പോൾ വീടിനുമാത്രം മൂന്നരക്കോടിയിലേറെ ചെലവുവരും. വിശാലമായ നിലം, കരിങ്കല്ലിലാണ്‌ ഒരുക്കിയത്‌. വീടിനകത്തെ അലങ്കാരങ്ങളും ഫർണിച്ചറും ഇതിനുപുറമെ.  ഇതിന്റെയും ഔട്ട്‌ ഹൗസുകളുടെയും ചെലവുകൂടി കണക്കാക്കിയാൽ നാലുകോടി കടക്കും. സ്ഥലം വാങ്ങിയാണ്‌ വീട്‌ നിർമിച്ചത്‌. ആഡംബരനികുതി ഉൾപ്പെടെ വീടിന്‌ പ്രതിവർഷം ഇരുപതിനായിരം രൂപയിലേറെ അടയ്‌ക്കുന്നു. എടക്കാട്‌ വില്ലേജിലെ റീസർവേ നമ്പർ 54 ൽ 91, 138, 140, 384, 387 എന്നീ അഞ്ച്‌ പ്ലോട്ടുകളിലായാണ്‌ വീട്‌ നിർമിച്ചത്‌. കുമ്പക്കുടി സുധാകരൻ, അജിത്‌കുമാർ എന്നിവരുടെ പേരിലാണ്‌ ഭൂമിയും വീടും. സുധാകരന്റെ അടുത്ത ബന്ധുവാണ്‌  അജിത്‌കുമാർ. വീട്‌ നിർമാണം നടക്കവേ ഒരു ദൃശ്യമാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞത്‌ എംപിയുടെ ശമ്പളം മാത്രമാണ്‌ തന്റെ വ്യക്തിഗത വരുമാനമെന്നാണ്‌. എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപികയായിരുന്ന ഭാര്യയുടെ വരുമാനംകൂടി കണക്കാക്കിയാലും ഇങ്ങനെയൊരു സൗധം നിർമിക്കാനാകില്ല. 2010ൽ ചിറക്കൽ രാജാസ്‌ സ്‌കൂൾ ഏറ്റെടുക്കാൻ ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ ഗൾഫിൽനിന്നുൾപ്പെടെ സുധാകരൻ 16 കോടി പിരിച്ചെന്ന പരാതിയിൽ വിജിലൻസ്‌ അന്വേഷണം നടക്കുകയാണ്‌. 2012ലാണ്‌ വീട്‌ നിർമാണം തുടങ്ങിയതെന്നതും ശ്രദ്ധേയം.   Read on deshabhimani.com

Related News