സുപ്രീംകോടതിയുടേത് നിർണായക ഇടപെടൽ: മന്ത്രി പി രാജീവ്
കൊച്ചി നിയമസഭ ഭരണഘടനാനുസൃതമായി പാസാക്കുന്ന ബില്ലുകൾ രാഷ്‌ട്രപതിയും ഗവർണറും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന ആശയക്കുഴപ്പം നീക്കാൻ സുപ്രീംകോടതി ഇടപെടലിലൂടെ കഴിയുമെന്ന് നിയമമന്ത്രി പി രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകിക്കുന്നതിനെതിരെ കേരളം നൽകിയ ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതി നോട്ടീസ് അയച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാപരമായിത്തന്നെ ഈ പ്രശ്‌നം പരിശോധിക്കേണ്ടതുണ്ടെന്ന് ഉന്നത നീതിപീഠത്തിന് ബോധ്യമായിരിക്കുന്നുവെന്നാണ് മനസിലാകുന്നത്. നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾ ഗവർണർ പിടിച്ചുവച്ചപ്പോഴാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. അപ്പോൾ പിടിച്ചുവച്ചിരുന്ന ബില്ലുകൾ ഗവർണർ പ്രത്യേക പരാമർശമൊന്നുമില്ലാതെ രാഷ്‌ട്രപതിക്ക് അയച്ചു. രാഷ്‌ട്രപതിക്ക് ബില്ലുകൾ അയക്കുന്നതിന് എന്താണ് മാനദണ്ഡം, പിടിച്ചുവയ്‌ക്കാൻ എന്താണ് വ്യവസ്ഥ എന്നീ കാര്യങ്ങളിൽ വ്യക്തത വേണം. ഗവർണർമാർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വ്യക്തമായ മാർഗനിർദേശങ്ങൾ സുപ്രീംകോടതി നൽകേണ്ടതുണ്ട് എന്ന പ്രധാനപ്പെട്ട ആവശ്യവും കേരളം ഉന്നയിച്ചു. അതുപ്രകാരമാണ് ഗവർണറുടെ സെക്രട്ടറിക്കും ആഭ്യന്തര മന്ത്രാലയത്തിനും നോട്ടീസ് അയച്ചത്– മന്ത്രി പറഞ്ഞു. Read on deshabhimani.com