പറവൂർ-–ആലുവ റോഡിൽ
 കുടിവെള്ളക്കുഴൽ തകർന്നു



കരുമാല്ലൂർ പറവൂർ–-ആലുവ റോഡിൽ മറിയപ്പടിക്കുസമീപം കുടിവെള്ളക്കുഴൽ പൊട്ടി. ചൊവ്വരയിൽനിന്ന്‌ പറവൂർ നഗരസഭ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന അഞ്ചരയടി താഴ്ചയിലൂടെയുള്ള കാലപ്പഴക്കംചെന്ന കുടിവെള്ളക്കുഴലാണ് വ്യാഴം പുലർച്ചെ 5.30ന് പൊട്ടിയത്. ലിറ്റർകണക്കിന് വെള്ളം പാഴായി. താഴ്ന്നപ്രദേശങ്ങളിലേക്കുള്ള വീടുകളിലും റോഡിന്റെ വശങ്ങളിലും വെള്ളം ഒഴുകിയെത്തി. മുപ്പത്തടത്തുനിന്ന്‌ കരുമാല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പുതിയ കുടിവെള്ളക്കുഴലും ഇതിന് സമീപത്തുണ്ട്. യുസി കോളേജിനുസമീപത്തുള്ള വാൽവ് വഴിയാണ് ഇരു കുടിവെള്ളക്കുഴലുകളിലൂടെയുള്ള ജലവിതരണം ക്രമീകരിക്കുന്നത്. ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി യുസി കോളേജിലുള്ള വാൽവ് അടച്ചു. ചോർച്ച ഒഴിവാക്കാനുള്ള അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും വെള്ളിയാഴ്ചയോടെ മാത്രമേ ജോലികൾ പൂർത്തിയാക്കാനാകൂ. ഇതിനാൽ പറവൂർ നഗരസഭ പ്രദേശങ്ങളിലും കരുമാല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും മാളികംപീടിക, കോട്ടപ്പുറം പ്രദേശങ്ങളിലും വെള്ളിയാഴ്ചയും കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു. Read on deshabhimani.com

Related News