മാലാഖച്ചിറകിൽ സെൽഫിയെടുക്കാം
മട്ടാഞ്ചേരി മാലിന്യമായി കടൽത്തീരത്ത് ഒഴുകിയെത്തിയ നൂറുകണക്കിന് ചെരുപ്പുകൾകൊണ്ട് നിർമിച്ച മാലാഖച്ചിറകുകളുടെ മുമ്പിൽനിന്ന് സെൽഫിയെടുക്കാൻ ഫോർട്ട് കൊച്ചി ബീച്ചിൽ സന്ദർശകരുടെ തിരക്ക്. ഫോർട്ട് കൊച്ചി ബീച്ചിൽ ചെരുപ്പുകൾകൊണ്ട് നിർമിച്ച സെൽഫി പോയിന്റുകൾ സബ് കലക്ടർ കെ മീര ഉദ്ഘാടനം ചെയ്തു. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും എച്ച്സിഎൽ ഫൗണ്ടേഷനും സന്നദ്ധസംഘടനയായ പ്ലാൻ അറ്റ് എർത്തും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മട്ടാഞ്ചേരിയിലെ മൈലാഞ്ചി കലാകാരി ഷിഫാനയുടെ നേതൃത്വത്തിൽ ബീച്ച് സന്ദർശിച്ച നൂറിലധികം വനിതകളുടെ കൈകളിൽ മൈലാഞ്ചി അണിയിച്ചു. പ്ലാൻ അറ്റ് എർത്ത് സ്ഥാപക സെക്രട്ടറി സൂരജ് എബ്രഹാം, ടൂറിസം ജോയിന്റ് ഡയറക്ടർ ജി എൽ രാജീവ്, ഡിടിപിസി സെക്രട്ടറി സതീഷ് മിരാന്റ, എം ഉമ്മർ, മുജീബ് മുഹമ്മദ്, ബോണി തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com