പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പ് ബെമല്‍ വില്‍പ്പന ഉപേക്ഷിച്ചു
പാലക്കാട് > കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിനി നവരത്ന കമ്പനി ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം ഉപേക്ഷിച്ചു. സൈന്യത്തിന് ടെട്രാ ട്രക്സ് ഉള്‍പ്പെടെ തന്ത്രപ്രധാനവാഹനങ്ങളും ഉപകരണങ്ങളും റോക്കറ്റ് ലോഞ്ചര്‍, മെട്രോ കോച്ചും നിര്‍മിച്ചു നല്‍കുന്ന നവരത്ന കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഓഹരിവില്‍പ്പന തല്‍ക്കാലം ഉപേക്ഷിച്ചത്. 56,000 കോടിയുടെ ആസ്തിയുള്ള സ്ഥാപനം 518.44 കോടി രൂപ വില കണക്കാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി നോഡല്‍ ഓഫീസറെയും നിയമിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 56 ശതമനം ഓഹരിയില്‍ 26 ശതമാനം വില്‍ക്കാനാണ് വിജ്ഞാപനമിറക്കിയത്. ഇത് ഗുരുതര പ്രത്യാഘാതത്തിനു കാരണമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചും വില്‍പ്പനയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോയി. മാര്‍ച്ചിനുമുമ്പ് വില്‍പ്പന പൂര്‍ത്തിയാക്കണമെന്നുകാണിച്ച് സര്‍ക്കുലറും അയച്ചിരുന്നു. 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് കഞ്ചിക്കോട് വ്യവസായമേഖലയില്‍ 376 ഏക്കര്‍ ഭൂമി സൌജന്യമായി നല്‍കി ബിഇഎംഎല്‍ (ബെമല്‍)യൂണിറ്റ് സ്ഥാപിച്ചത്. രാജ്യത്തെ 20 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബെമല്‍ ഇന്ത്യയുടെ അഭിമാനസ്ഥാപനംകൂടിയായിരുന്നു. സൈന്യത്തിന് തന്ത്രപ്രധാന വാഹനങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന ബെമല്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ന്നുപോകുമെന്ന് തൊഴിലാളി സംഘടനകളും സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തെ അറിയിച്ചിരുന്നു. ബെമല്‍ വില്‍പ്പന രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാട് സ്വീകരിച്ചു. കമ്പനിയുടെ ആസ്ഥാനം ബംഗളൂരു ആയതിനാല്‍ കര്‍ണാടക മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യക്കും കത്തയച്ചിരുന്നു. ബെമല്‍ വില്‍പ്പനയ്ക്കെതിരെ ഇന്ത്യയിലാകമാനമുള്ള പതിനായിരത്തോളംവരുന്ന ബെമല്‍ ജീവനക്കാര്‍ പാര്‍ലമെന്റിനു മുന്നില്‍ സമരവും ചെയ്തു. എം ബി രാജേഷ് എംപി പാര്‍ലമെന്റില്‍ നിരന്തരം വിഷയമുന്നയിച്ച് വില്‍പ്പനയുടെ ഗുരുതരാവസ്ഥ രാജ്യത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. ഇതെല്ലാം അവഗണിച്ച് അന്ധമായ സ്വകാര്യവല്‍ക്കരണ നീക്കവുമായാണ് ധനമന്ത്രാലയം മുന്നോട്ടുപോയത്. ഇപ്പോള്‍ പ്രശ്നത്തിന്റെ ഗൌരവം ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിരോധമന്ത്രാലയം ഓഹരിവില്‍പ്പനയെ എതിര്‍ത്തത്. ഇത് കേന്ദ്രസര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. പൊതുസ്വത്ത് കണ്ണുമടച്ച് വില്‍ക്കാനുള്ള നീക്കം ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കുന്നത് കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. റിലയന്‍സ് എന്ന കുത്തകഭീമന്‍ പ്രതിരോധമേഖലയിലേക്ക് കടക്കുന്നതിന് 5000 കോടി രൂപ മുതല്‍മുടക്കില്‍ ചെക്കോസ്ളോവാക്യയിലെ സ്വകാര്യസ്ഥാപനവുമായിചേര്‍ന്ന് കമ്പനി രൂപീകരിച്ചു. ബെമലിനെ ലക്ഷ്യമിട്ടാണ് റിലയന്‍സ് ഈ മേഖലയിലേക്ക് കടക്കുന്നതെന്ന സംശയവും ബലപ്പെട്ടിരുന്നു. മോഡിസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനനയത്തിന്റെ ഭാഗംകൂടിയാണ് ബെമല്‍ വില്‍പ്പനയിലൂടെ കണ്ടത്. അതിനാണ് താല്‍ക്കാലിക വിരാമമായത്. Read on deshabhimani.com