ആരാധനാലയങ്ങൾക്കും സർക്കാരിനും ഒരേനിയമം ; വെടിക്കെട്ടിൽ ഇരട്ടനീതി വേണ്ടെന്ന് ഹെെക്കോടതി
കൊച്ചി വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ടനീതി വേണ്ടെന്നും ആരാധനാലയങ്ങൾക്കും സർക്കാരിനും ഒരേനിയമമാണ് ബാധകമെന്നും ഹൈക്കോടതി. ആരാധനാലയങ്ങളിലെ ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണം. വെടിക്കെട്ടിനുള്ള അനുമതിക്ക് ചട്ടങ്ങളിൽ ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാകില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എസ് ഈശ്വരൻ വ്യക്തമാക്കി. വെടിക്കെട്ട് നടത്താൻ നിബന്ധനകളിൽ ഇളവ് വേണമെന്ന ഉത്സവാഘോഷ കമ്മിറ്റിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഒക്ടോബർ 11ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, വെടിക്കെട്ട് നടത്തുന്നതിന് ഫയർ ഡിസ്‌പ്ലേ അസിസ്റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്‌പ്ലേ ഓപ്പറേറ്ററെ നിയമിക്കണമെന്നുണ്ട്. അങ്ങനെ നിയമിച്ച എക്സ്പ്ലോസീവ്സ് കൺട്രോളറുടെ സർട്ടിഫിക്കറ്റോടുകൂടിമാത്രമേ വെടിക്കെട്ട് അനുമതിക്ക് അപേക്ഷിക്കാനാകൂ. എന്നാൽ, നിബന്ധനകൾ പാലിക്കാത്ത ആരാധനാലയങ്ങളിലെ വെടിക്കെട്ടിന് ജില്ലാ കലക്ടർമാർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ആരാധനാലയങ്ങളുടെ ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ മേൽനോട്ടത്തിലുള്ള ടൂറിസം പരിപാടികളിലും നിർബന്ധമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. Read on deshabhimani.com