യോഗത്തിലേക്ക്‌ വി മുരളീധരനെ ക്ഷണിച്ചിരുന്നു; കേന്ദ്രമന്ത്രിയെ മാധ്യമപ്രവർത്തകർ ഇങ്ങനെ വിഷമത്തിലാക്കരുതെന്ന്‌ മുഖ്യമന്ത്രി



എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിലേക്ക്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ക്ഷണിച്ചിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. യോഗത്തിന്റെ കാര്യം മുരളീധരന്റെ സ്റ്റാഫിനെ അറിയിച്ചിരുന്നു. മുഴുവൻ സമയവും പങ്കെടുക്കാൻ കഴിയില്ലെന്നും ഇടയ്‌ക്ക്‌ പോകുമെന്നും അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന്‌ അറിയിച്ചിരുന്നു. തുടർന്ന്‌ വീഡിയോ കോൺഫറൻസിനുള്ള ലിങ്ക് അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ നൽകുകയും യോഗം തുടങ്ങുമ്പോൾ കണക്ട്‌ ചെയ്യുകയും ചെയ്‌തു. ദൃശ്യം പരിശോധിച്ചാൽ മുരളീധരന്റെ ക്യാമറയും കാണാൻ കഴിയുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സമൂഹവ്യാപനം തടയാനുള്ള ഐസിഎംആറിന്റെ പരിശോധനാ നിർദേശങ്ങൾ കേരളം തള്ളിക്കളയുന്നുവെന്ന വി മുരളീധരന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ കേന്ദ്രമന്ത്രിയെ മാധ്യമപ്രവർത്തകർ ഇങ്ങനെ വിഷമത്തിലാക്കരുതെന്ന്‌ മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം കാര്യങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ ഐസിഎംആർ പറഞ്ഞിട്ടുണ്ടോ? ഇന്ത്യയിലെ ഏതെങ്കിലും ആരോഗ്യവിദഗ്‌ധർക്ക്‌ കേരളത്തെക്കുറിച്ച്‌ അത്തരത്തിൽ അഭിപ്രായമുണ്ടോ. ഇതിലിപ്പുറം ഞാൻ പറയണമെന്നാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌. ഇപ്പോഴതിലേക്ക്‌ കടക്കുന്നില്ല–- മുഖ്യമന്ത്രി പറഞ്ഞു.  ഏത്‌ കാര്യത്തിലും സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ എതിർക്കുകയെന്ന സമീപനം പ്രതിപക്ഷത്തിന്‌ പൊതുവെയുണ്ട്‌. അതിൽ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. Read on deshabhimani.com

Related News